1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2020

സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 160 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നും 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 9 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. യു.എ.ഇ.- 27, കുവൈറ്റ്- 21, ഒമാന്‍- 21, ഖത്തര്‍- 16, സൗദി അറേബ്യ- 15, ബഹറിന്‍- 4, മാള്‍ഡോവ- 1, ഐവറി കോസ്റ്റ്- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരുടെ കണക്കുകള്‍. ഡല്‍ഹി- 13, മഹാരാഷ്ട്ര- 10, തമിഴ്‌നാട്- 8, കര്‍ണാടക- 6, പഞ്ചാബ്- 1, ഗുജറാത്ത്- 1, പശ്ചിമബംഗാള്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുടെ കണക്കുകള്‍. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവം കോട്ടയം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഏറ്റവുമധികം പേര്‍ രോഗമുക്തി നേടിയ ദിനം കൂടിയാണിന്ന്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 57 പേരുടെയും (പാലക്കാട്-1), പാലക്കാട് ജില്ലയില്‍ നിന്നുള്ള 53 പേരുടെയും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 23 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 15 പേരുടേയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേരുടെയും (കാസര്‍ഗോഡ്-8), ഇടുക്കി ജില്ലയില്‍ നിന്നുള്ള 13 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 11 പേരുടെയും (ആലപ്പുഴ 1), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2088 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2638 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,78,099 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരില്‍ 1,75,111 പേര്‍ വീട്/ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റീനിലും 2988 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 403 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരിശോധനകളുടെ എണ്ണം വീണ്ടും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7589 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,46,799 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4722 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 52,316 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 50,002 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡുകള്‍: 3, 26, 31), കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോര്‍പറേഷനന്‍ (56, 62, 66), ഒളവണ്ണ (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ (എല്ലാ വാര്‍ഡുകളും), കീഴല്ലൂര്‍ (4 സബ് വാര്‍ഡ്), പാലക്കാട് ജില്ലയിലെ ആനക്കര (13) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 123 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ഉറവിടമറിയാത്ത കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ന​ഗരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മേയർ വി ശ്രീകുമാർ അറിയിച്ചു. നഗരത്തിലെ മുഴുവൻ മാർക്കറ്റിലും കർശന നിയന്ത്രണം ഏർപ്പെടുത്തും. ലോട്ടറി ജീവനക്കാരന് രോഗം പിടിപ്പെട്ടത് അപകടകരമായ സാഹചര്യമാണ്. നിലവിലെ സാഹചര്യത്തിൽ നഗരം ആകെ അടച്ചിടില്ലെന്നും മേയർ പറഞ്ഞു.

പാളയത്തെ സാഫല്യം കോംപ്ലക്സ് ഏഴ് ദിവസത്തേക്ക് അടച്ചിടും. സാഫല്യം കോംപ്ലക്‌സ് പരിസരത്തു വഴിയോര കച്ചവടം അനുവദിക്കില്ല. സാഫല്യം കോംപ്ലക്സിൽ വന്ന് പോയവരെ നിരീക്ഷിക്കും. ഇവരുടെ കണക്ക് ഉണ്ട്. പാളയം മാർക്കറ്റിലും കർശനമായ നിയന്ത്രണം ഏർപ്പെടുത്തും. മാർക്കറ്റിന്റെ മുൻവശത്തെ ഗേറ്റ് മാത്രമേ തുറക്കൂ. പാളയം മാർക്കറ്റിലേക്ക് ആളുകളെ പ്രവേശിപ്പിക്കാൻ പ്രത്യേക കൗണ്ടർ സജ്ജമാക്കും. നാളെ രാവിലെ 8 മുതൽ അണുനശീകരണം ആരംഭിക്കും.

കൊവിഡ് മാറി വിദേശത്ത് നിന്ന് തിരികെ എത്തിയ ഇരുപത്തിയേഴുകാരിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത് കോട്ടയത്ത് ആശങ്കയാകുന്നു. വിദേശത്ത് വച്ച് നടത്തിയ ടെസ്റ്റിൽ നെഗറ്റീവായ ശേഷമാണ് യുവതി നാട്ടിൽ തിരികെ എത്തിയത്. പിന്നീട് നാട്ടിൽ നിരീക്ഷണത്തിൽ തുടരവേ നടത്തിയ പരിശോധനയിലാണ് വീണ്ടും പോസിറ്റീവായത്.

കൊച്ചിയില്‍ ഇന്നുമുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍. രോഗലക്ഷണമുള്ളവര്‍ ഉടനെ വിവരം അറിയിക്കണം. എല്ലായിടത്തും സാമൂഹിക അകലം നിര്‍ബന്ധമാണ്. എറണാകുളം മാര്‍ക്കറ്റില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയില്‍ പന്ത്രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മാര്‍ക്കറ്റിലെ ആറു പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.