1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2020

സ്വന്തം ലേഖകൻ: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ‍ (കോവിഡ്-19) ആഗോളതലത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയെക്കുറിച്ച് ആശങ്കയുള്ളതായി യു.എസ് ഇന്‍റലിജൻസ് ഏജൻസി. ഇന്ത്യയിൽ കുറഞ്ഞ കേസുകൾ മാത്രമാണ് കോവിഡ്-19 റിപ്പോർട്ട് ചെയ്തിട്ടുള്ളുവെങ്കിലും ചൈനക്ക് പുറത്തേക്ക് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ആശങ്ക ഉയരുന്നതെന്ന് ഇന്‍റലിജൻസ് ഏജൻസി പറയുന്നു.

സർക്കാറുകൾക്ക് കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ശേഷിയാണ് യു.എസ് ഇന്‍റലിജൻസ് നിരീക്ഷിക്കുന്നത്. ചൈനയെപ്പോലെ കൂടിയ ജനസംഖ്യയും ലഭ്യമായ പ്രതിരോധമാർഗങ്ങളും പരിഗണിക്കുമ്പോഴാണ് ഇന്ത്യയുടെ കാര്യത്തിൽ ആശങ്ക. ജനസാന്ദ്രത കൂടിയതിനാൽ വൈറസ് വ്യാപനം അതിവേഗമാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.

ആരോഗ്യ സഹമന്ത്രിക്ക് ഉൾപ്പെടെ കൊറോണ ബാധ സ്ഥിരീകരിച്ച ഇറാനിലെ സാഹചര്യവും അമേരിക്ക നിരീക്ഷിക്കുന്നുണ്ട്. കൊറോണ ബാധയുടെ യഥാർഥ കണക്കുകൾ ഇറാൻ മറച്ചുവെച്ചേക്കാമെന്നും ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ചില വികസ്വര രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾക്ക് കൊറോണ വ്യാപനത്തെ തടയാനുള്ള ശേഷിയില്ലെന്നും ഏജൻസികൾ അമേരിക്കൻ ഭരണകൂടത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

നിരവധി രഹസ്യാന്വേഷണ ഏജൻസികൾ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് അമേരിക്കക്ക് റിപ്പോർട്ട് നൽകുന്നുണ്ട്. ദേശീ‍യ സുരക്ഷയെയും സാമ്പത്തിക രംഗത്തെയും വരെ സ്വാധീനിക്കുന്ന വിഷയമായതിനാൽ കൊറോണ വ്യാപനത്തെ യു.എസ് ഇന്‍റലിജൻസ് കമ്മിറ്റി അതീവ ഗൗരവത്തോടെ നിരീക്ഷിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.