1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നാല്‍ അമേരിക്കയില്‍ 22 ലക്ഷം ആളുകളും ബ്രിട്ടണില്‍ അഞ്ച് ലക്ഷം ആളുകളും മരണപ്പെട്ടേക്കുമെന്ന് പ്രവചനം. ബ്രിട്ടീഷ് ഗവേഷക സംഘം പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത്തരത്തിലുള്ള വിവരമുള്ളത്.

ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസറായ നെയില്‍ ഫെര്‍ഗുസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗബാധ രൂക്ഷമായ മേഖലകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

1918ലുണ്ടായ സ്പാനിഷ് ഇന്‍ഫ്‌ളുവന്‍സ വ്യാപനവുമായി താരതമ്യപ്പെടുത്തിയാണ് 2019ലെ കൊറോണ വ്യാപനത്തിന്റെ പ്രതീക്ഷിത ആഘാതത്തെ ഗവേഷകസംഘം കണക്കുകൂട്ടുന്നത്. രോഗവ്യാപനം ലഘൂകരിക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിച്ചില്ലെങ്കില്‍ കൊറോണ വൈറസ് ബ്രിട്ടനില്‍ അഞ്ച് ലക്ഷം മരണത്തിനും അമേരിക്കയില്‍ 22 ലക്ഷം പേരുടെ മരണത്തിനും ഇടയാക്കുമെന്നാണ് ഗവേഷകസംഘത്തിന്റെ കണക്കുകൂട്ടല്‍.

വൈറസ് വ്യാപനം നിയന്ത്രിക്കാനായി ഇവിടങ്ങളിലെ സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. രോഗബാധ സംശയിക്കുന്നവരെ ക്വാറന്റൈന്‍ ചെയ്യുന്നതും നിരീക്ഷണം ശക്തിപ്പെടുത്തുന്നതും ഈ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ഇത് വ്യാപകമാക്കിയില്ലെങ്കില്‍ ലക്ഷക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമാവും. ആരോഗ്യസംവിധാനം പാടെ തകരുമെന്ന് ഗവേഷക സംഘം മുന്നറിയിപ്പ് നല്‍കുന്നു.

കൊവിഡ് 19 -നെതിരായ പ്രവർത്തനങ്ങൾ ബ്രിട്ടീഷ് സർക്കാർ തിങ്കളാഴ്ച മുതൽ പൂർവാധികം ശക്തമാക്കിയിരുന്നു. ബ്രിട്ടനിലെ സാമൂഹിക ജീവിതം പാടെ സ്തംഭിപ്പിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങളാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രഖ്യാപിച്ചത്. വ്യാപാരസ്ഥാപനങ്ങളിൽ പലതും അടച്ചിടാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി 70 നു മുകളിൽ പ്രായമുള്ള പൗരന്മാരോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുത് എന്നും ആവശ്യപ്പെട്ടു.

ഇങ്ങനെ കടുത്ത നടപടികളിലേക്ക് നീങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് സർക്കാർ ആഭിമുഖ്യത്തിൽ അടുത്തിടെ നടന്ന ഒരു കൊവിഡ് 19 സാധ്യതാ പഠനത്തിലെ കണ്ടെത്തലുകളാണ് എന്നാണ് റിപ്പോർട്ടുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.