1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2018

സ്വന്തം ലേഖകന്‍: പരസ്പര സമ്മതപ്രകാരമുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി; സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377 ആം വകുപ്പ് ഭാഗികമായി റദ്ദാക്കി. വ്യത്യസ്ത വ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണ്. സ്വതം നിഷേധിക്കപ്പെടുന്നത് മരണത്തിനു തുല്യമാണ്. സമൂഹത്തിന്റെ സദാചാരത്തിന്റെ പേരില്‍ ഭരണഘടനാ സദാചാരം അട്ടിമറിക്കപ്പെടാനാകില്ല. വ്യത്യസ്ത വ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചു. ഒരാളുടെ സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണ്. ഭരണഘടനാ സദാചാരമാണു നമ്മളെ നയിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിരീക്ഷിച്ചു.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ നര്‍ത്തകന്‍ നവജ്യോത് ജോഹര്‍, മാധ്യമ പ്രവര്‍ത്തകനായ സുനില്‍ മെഹ്‌റ തുടങ്ങിയവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജികളിലാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ ചരിത്രപരമായ വിധി. സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377 ആം വകുപ്പ് മൗലിക അവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇതൊരു സമൂഹത്തിന്റെ പ്രശ്‌നമാണെന്നും സ്വവര്‍ഗരതി ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിലവില്‍ 1861ലെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം സ്വവര്‍ഗരതി പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് 2009ല്‍ ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ 2013ല്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഈ വിധി റദ്ദാക്കി. ജസ്റ്റിസ് ജി എസ് സിങ്‌വി, ജസ്റ്റിസ് എസ് ജെ മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ വിധി റദ്ദാക്കിയത്.

സ്വവര്‍ഗ വിഭാഗങ്ങളുടെ അവകാശം ഉയര്‍ത്തിപ്പിടിച്ച് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ചരിത്രം എഴുതിച്ചേര്‍ത്തിരിക്കയാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് അഭിപ്രായപ്പെട്ടു. പരമ്പരാഗത ധാരണകളെ പൊളിച്ചെഴുതിയ വിജയമെന്നാണ് ന്യൂയോര്‍ക് ടൈംസ് അഭിപ്രായപ്പെട്ടത്. സ്വവര്‍ഗ വിഭാഗക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടിയ അഭിഭാഷകരുടെ വിജയമാണിതെന്ന് സി.എന്‍.എന്‍ പ്രതികരിച്ചു.വിധി ചരിത്രപരമെന്ന് ബി.ബി.സി വിശേഷിപ്പിച്ചു.

ഇന്ത്യയിലെ വലിയൊരളവ് മതപുരോഹിതന്മാര്‍ വിധി എതിര്‍ക്കാനാണ് സാധ്യത എന്നിരിക്കെ, അവരുടെ മനോഭാവം മാറേണ്ടത് അനിവാര്യമാണെന്നും ബി.ബി.സി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ ഭയത്തിലാണ് ജീവിച്ചിരുന്നത്. അവരെ രണ്ടാംകിട പൗരന്മാരായാണ് പരിഗണിച്ചത്. അവര്‍ക്ക് ആഘോഷിക്കാനുള്ള അവസരമാണ് സുപ്രീംകോടതി ഒരുക്കിയതെന്ന് ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.