1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2020

സ്വന്തം ലേഖകൻ: പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. അക്രമങ്ങളില്‍ പരിക്കേറ്റ് ജിടിബി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മൂന്നുപേര്‍ ഇന്ന് മരിച്ചു. മൂന്നുദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അടക്കം ഏഴുപേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്.

അതേസമയം ആവശ്യത്തിന് ഉദ്യോഗസ്ഥരെ ലഭിക്കാത്തതാണ് സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ സാധിക്കാത്തതെന്ന് ഡല്‍ഹി പോലീസ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. 160 പേരോളം അക്രമങ്ങളില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്.
മൂന്ന് ദിവസമായി വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ തുടരുന്ന കലാപസമാനമായ സാഹചര്യം അടിച്ചമര്‍ത്താന്‍ വൈകുന്നതില്‍ ഡല്‍ഹി പോലീസിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്. അതിനിടെ കര്‍ദംപുരിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തേക്ക് കേന്ദ്രസേനയെ അയച്ചു.

ജാഫറാബാദ്, ചാന്ദ്ബാഗ്, ഖജൂരി ഖാസ്, ഗാമരി, കര്‍വാള്‍ നഗര്‍, വിജയ് പാര്‍ക്ക്, മൗജിപുര്‍, കര്‍ദംപുരി, ഭജന്‍പുര,ഗോകല്‍പുരി, ബ്രംപുരി തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘര്‍ഷങ്ങള്‍ ഉണ്ടായത്. അക്രമികള്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും വ്യാപാര സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും വാഹനങ്ങള്‍ക്കും തീവെക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഘര്‍ഷം നിയന്ത്രിക്കുന്നതിനിടെ 48 പോലീസുകാര്‍ക്കാണ് ഇതുവരെ പരിക്കേറ്റത്. അക്രമികള്‍ തീവെച്ച വാഹനങ്ങളിലെയും കടകളിലെയും തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എംഎൽഎമാരും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എല്ലാവരും സമാധാനം പാലിക്കണമെന്ന് കേജ്‌രിവാൾ ജനങ്ങളോട് അഭ്യർഥിച്ചു. അമിത് ഷാ അരവിന്ദ് കേജ്‌രിവാളും ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച പോസിറ്റീവ് ആയിരുന്നുവെന്ന് കേജ്‌രിവാൾ വ്യക്തമാക്കി.

സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു. പൊലീസുമായി സമാധാന മാർച്ച്‌ നടത്താൻ ജില്ലാ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേജ്‌രിവാൾ പറഞ്ഞു. അക്രമബാധിത പ്രദേശങ്ങളിലെ എല്ലാ ക്ഷേത്രങ്ങളിലും പള്ളികളിലും സമാധാനം നിലനിർത്താൻ അദ്ദേഹം അഭ്യർത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.