1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2020

സ്വന്തം ലേഖകൻ: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. 1960 ലായിരുന്നു മറഡോണയുടെ ജനനം. ആധുനിക ഫുട്‌ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളാണ്. അര്‍ജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു.

ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം പങ്കുവെക്കുന്ന താരമാണ്. അന്താരാഷ്ട്രഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.

1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതില്‍ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ സ്വന്തമാക്കുകയും ചെയ്തു.

ജൂണ്‍ 22ന് മെക്സിക്കോയിലെ അസ്ടെക്ക് സ്റ്റേഡിയത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു ”ദൈവത്തിന്റെ കൈ” സഹായത്തോടെ മറഡോണയുടെ ഗോള്‍ പിറന്നത്. രണ്ടാം പകുതി തുടങ്ങി ആറു മിനിറ്റു പിന്നിട്ടപ്പോഴായിരുന്നു വിവാദ ഗോള്‍. പെനല്‍റ്റി ബോക്സിനു പുറത്ത് വച്ച് ഉയര്‍ന്നെത്തിയ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ഇംഗ്ലണ്ടിന്റെ സ്റ്റീവ് ഹോഡ്ജിന് പിഴച്ചു.

അടിച്ചകറ്റാന്‍ ശ്രമിച്ച പന്ത് ഇംഗ്ലണ്ടിന്റെ ഗോള്‍മുഖത്തേയ്ക്കാണ് ഉയര്‍ന്നെത്തിയത്. പന്തു തട്ടിയകറ്റാന്‍ ചാടിയുയര്‍ന്ന ഇംഗ്ലീഷ് ഗോളി പീറ്റര്‍ ഷില്‍ട്ടനൊപ്പമെത്തിയ മറഡോണയുടെ ഇടംകൈയ്യില്‍ തട്ടി പന്ത് വലയിലേക്ക്. ഇംഗ്ലണ്ടിന്റെ കളിക്കാര്‍ ഹാന്‍ബോള്‍ എന്നു പറഞ്ഞ് വളഞ്ഞെങ്കിലും റഫറി അംഗീകരിച്ചില്ല. എന്നാല്‍ രണ്ടാം ഗോള്‍ മറഡോണയെ അടയാളപ്പെടുത്തിയ ഗോളായിരുന്നു.

ആറ് ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റര്‍ ഓടിക്കയറി നേടിയ രണ്ടാം ഗോള്‍ ‘നൂറ്റാണ്ടിന്റെ ഗോള്‍’ എന്നു പിന്നീടു വിശേഷിപ്പിക്കപ്പെട്ടു. ആ ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഫിഫയുടെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവും നേടി. അര്‍ജന്റീനയ്ക്കായി ആകെ 21 ലോകകപ്പ് മത്സരങ്ങളില്‍നിന്ന് എട്ട് ഗോളുകള്‍. 2010 ലോകകപ്പില്‍ അര്‍ജന്റീനയുടെ മുഖ്യപരിശീലകനായി.

തന്റെ പ്രൊഫഷണല്‍ ക്ലബ് ഫുട്‌ബോള്‍ ജീവിതത്തില്‍, അര്‍ജന്റീനോസ് ജൂനിയേഴ്‌സ്, ബോക്ക ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നാപ്പോളി, സെവിയ്യ, നെവെല്‍സ് ഓള്‍ഡ് ബോയ്‌സ് എന്നീ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചു. ലോകകപ്പുകളിലും, ക്ലബ് ഫുട്‌ബോളിലും രാജ്യാന്തര ഫുട്‌ബോളിലും നടത്തിയ മികവാര്‍ന്ന പ്രകടനങ്ങളെക്കാള്‍ സംഭവബഹുലമായിരുന്നു മറഡോണയുടെ പൊതുജീവിതം. മയക്കുമരുന്നുപയോഗം, വാക്ക് തര്‍ക്കങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങളിലൂടെ അദ്ദേഹം കുപ്രസിദ്ധി നേടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.