1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2020

സ്വന്തം ലേഖകൻ: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. നാളെ (ശനി) മുതൽ വിമാനങ്ങൾ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.

കൊവിഡ് രോഗിയെ യാത്രചെയ്യാൻ അനുവദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി 15 ദിവസത്തെ വിലക്കേർപ്പെടുത്തിയത്.

ഡൽഹി, ജയ്പൂർ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് വ്യക്തമാക്കി എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ് അധികൃതർക്ക് വിശദീകരണം നൽകിയിരുന്നു. ഇരുരാജ്യങ്ങളുടേയും വ്യോമയാന മന്ത്രാലയങ്ങൾ ചർച്ച നടത്തിയതിന് പിന്നാലെയാണ് വിലക്ക് റദ്ദാക്കിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി 15 ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതുകാരണം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വരികയും പോകേണ്ടതുമായ വിമാന സര്‍വീസുകളെല്ലാം എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് ഷാര്‍ജയിലേക്ക് മാറ്റി. ഒക്ടോബര്‍ രണ്ട് വരെയായിരുന്നു വിലക്ക്.

ഓഗസ്റ്റ് 28ന് ഡല്‍ഹിയില്‍നിന്ന് ഒരു കൊവിഡ് രോഗി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബായില്‍ എത്തിയതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ എയര്‍ ഇന്ത്യയ്ക്ക് നോട്ടീസ് നല്‍കി.

എന്നാല്‍ ഈ മാസം നാലിന് ജയ്പ്പൂരില്‍ നിന്ന് മറ്റൊരു കൊവിഡ് രോഗി കൂടി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബായില്‍ എത്തി. ഇതോടെയാണ് ദുബായ് അധികൃതര്‍ കര്‍ശന നടപടി എടുത്തത്.

കൊവിഡ് രോഗികളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വിമാനങ്ങളില്‍ അടുത്തടുത്ത് ഇരുന്നവരോട് പരിശോധനക്ക് വിധേയരാകാനും ക്വാറന്റീനില്‍ പോകാനും ദുബായ് ഹെല്‍ത്ത് അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് അധികൃതരും വ്യക്തമാക്കി.

കൊവിഡ് പോസിറ്റിവ് ആയ രണ്ട് വ്യക്തികളുടെയും ചികിത്സാ ചിലവും സഹ യാത്രികരുടെ ക്വാറന്റീന്‍ ചിലവുകളും എയര്‍ ഇന്ത്യ എക്പ്രസ് ഏറ്റെടുക്കണമെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ നല്‍കിയ നോട്ടീസില്‍ പറയുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.