1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2017

സ്വന്തം ലേഖകന്‍: ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു, ഒപ്പം പ്രധാന വേഷത്തില്‍ ഇര്‍ഫാന്‍ ഖാനും. സിനിമാ, നാടക നടനും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹുസൈന്‍ ദലാലിനൊപ്പം ‘യേ ജവാനി ഹേ ദീവാനി’, 2 സ്റ്റേറ്റ്‌സ് എന്നീ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചയാളാണ് ആകര്‍ഷ് ഖുറാന.

റോണി സ്‌ക്രൂവാലയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ‘ഗേള്‍ ഇന്‍ ദി സിറ്റി’ എന്ന വെബ് സിരീസിലൂടെ ശ്രദ്ധേയയായ മിഥില പാക്കറാണ് നായികയായി എത്തുന്നത്. യുടിവി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ മികച്ച സിനിമകള്‍ നിര്‍മ്മിച്ച റോണി സ്‌ക്രൂവാല പുതുതായി ആരംഭിച്ച നിര്‍മ്മാണ കമ്പനി ‘റോണി സ്‌ക്രൂവാല പ്രൊഡക്ഷന്‍സ്’ (ആര്‍എസ്‌വിപി) ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണിത്.

പുതിയ കമ്പനിയുടെ അരങ്ങേറ്റചിത്രത്തിനുവേണ്ടി ഒട്ടനവധി തിരക്കഥകളില്‍ നിന്നാണ് റോണി ദുല്‍ഖര്‍ ചിത്രത്തിന്റെ തിരക്കഥ തെരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യമറിയിച്ച ദുല്‍ഖര്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. മലയാളത്തില്‍ ദുല്‍ഖറിനൊപ്പം സോളോ എന്ന ചിത്രം പൂര്‍ത്തിയാക്കിയ ബോളിവുഡിലെ മലയാളി സാന്നിധ്യം ബിജോയ് നമ്പ്യാരുടെ പേരാണ് സിനിമാ വൃത്തങ്ങളില്‍ പ്രചരിച്ചിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.