1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2017

സ്വന്തം ലേഖകന്‍: ‘എന്റെ വീട്ടിലുമുണ്ട് ഒരു ഉദാഹരണം സുജാത,’ തരംഗമായി പാര്‍വതിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. മകള്‍ക്കു വേണ്ടി വീട്ടുജോലിക്ക് പോയി പണം സമ്പാദിക്കുന്ന സുജാത എന്ന സാധാരണക്കാരിയായ സ്ത്രീയുടെ കഥ പറയുന്ന ഉദാഹരണം സുജാത കണ്ടതിന്റെ പ്രതികരണമായാണ് പാര്‍വതിയുടെ പോസ്റ്റ്. മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തിയ ഈ സിനിമ കണ്ട് പുറത്തിറങ്ങിയ പാര്‍വതി ചെയ്തത് വളരെ വ്യത്യസ്തമായ കാര്യമാണ്. ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ വീട്ടില്‍ ജോലി ചെയ്യുന്ന ചേച്ചിയുടെ ചിത്രത്തിനൊപ്പം ഹൃദയസ്പര്‍ശിയായ കുറിപ്പാണ് പാര്‍വ്വതി പങ്കുവെച്ചിരിക്കുന്നത്. കുറിപ്പ് വായിക്കാം,

‘ചാര്‍ളിയുടെ നിര്‍മ്മാതാക്കളും എന്റെ സുഹൃത്തുക്കളുമായ മാര്‍ട്ടിന്‍ പ്രക്കാട്ടും, ജോജുവും ചേര്‍ന്നാണ് ഉദാഹരണം സുജാത എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ നല്ല ചിത്രത്തിന് മികച്ച സംവിധായകനും നല്ല അഭിനേതാക്കളും ഉണ്ടായിരുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്.
എന്റെ ചേച്ചി അവരുടെ മക്കളെ വീട്ടു ജോലിക്ക് അയക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ചേച്ചിക്ക് അവരെ പറ്റി ഒരുപാട് സ്വപ്നങ്ങളുണ്ട് ഒപ്പം അത് പൂര്‍ത്തീകരിക്കാന്‍ ഒരുപാട് കഷ്ടപ്പെടുന്നുമുണ്ട്.

മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണം എന്നത് അവരുടെ സ്വപ്നമാണ്. ജീവിതത്തില്‍ താന്‍ സഹിച്ചത് പോലെ അവര്‍ക്ക് ഉണ്ടാകരുത് എന്നും അവര്‍ ആഗ്രഹിക്കുന്നു. ഏറെ ശാരീരികമായ കഷ്ടപ്പാടുകള്‍ വേണ്ട ഒന്നാണ് വീട്ടു ജോലി. മക്കളുടെ നല്ല നിലയിലുള്ള പഠനത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ ഉണ്ടാവുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അവരിലേക്ക് മാത്രം ഒതുങ്ങുന്നതാണ്. പക്ഷേ അവര്‍ പരാതി പറയാറില്ല. ദൈവത്തിലും അവരുടെ ജോലിയിലും അവര്‍ക്ക് വിശ്വാസമുണ്ട്.

മക്കളുടെ ജീവിതം സുരക്ഷിതമാകാന്‍ അവര്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടണമെന്നാണ് ചേച്ചിയുടെ ആഗ്രഹം. അവരുടെ കഷ്ടപ്പാടിന് ഒരു നാള്‍ അവരുടെ മക്കള്‍ മികച്ച പ്രതിഫലം നല്‍കുമെന്ന് പ്രതീക്ഷിക്കാം.. ചേച്ചിയുടെ ജോലിയുടെ മികവ് തന്നെയാണ് എന്നെ നന്നായി ജോലി ചെയ്യാന്‍ സഹായിക്കുന്നത്. അവര്‍ എന്റെ വീട് ക്ലീന്‍ ചെയ്യുന്നതും വൃത്തിയായി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ട് പോകുന്നതും ഇടയ്ക്കിടെ ഭക്ഷണം ഉണ്ടാക്കി തരുന്നതും കൊണ്ടാണ് ജീവിതത്തില്‍ എനിക്ക് സന്തോഷത്തോടെ മുന്നോട്ട് പോകാന്‍ സാധിക്കുന്നത്.

എനിക്ക് അവരോട് ഒരുപാട് നന്ദിയുണ്ട്. അവരെപോലെയുള്ള ഓരോ സുജാതമാര്‍ക്കും ഒരു സല്യൂട്ട്. അവരേയും അവരുടെ മനഃശക്തിയേയും ഞാന്‍ ബഹുമാനിക്കുന്നു. നിങ്ങളുടെ സുജാതമാരേയും കുറിച്ചറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്,’ എന്റെ സുജാത, ഉദാഹരണം സുജാത എന്നീ ടാഗുകളോടെ അവരുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും പാര്‍വതി പോസ്റ്റില്‍ ആവശ്യപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.