1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2015

സ്വന്തം ലേഖകന്‍: അമേരിക്കന്‍ സമൂഹത്തിന്റെ കറുത്ത വംശജരോടുള്ള ഇരട്ടത്താപ്പ് നയം പുറത്തു കൊണ്ടുവരുന്ന മറ്റൊരു ഉദാഹരണം ആകുകയാണ് വിജയ് ചൊക്കലിംഗം എന്ന ഇന്ത്യന്‍ വംശജന്‍. കറുത്ത വംശജനെന്ന് ഭാവിച്ച് മെഡിക്കല്‍ സ്‌കൂളില്‍ പ്രവേശനം നേടിയെടുത്ത കഥ പറയുകയാണ് വിജയ്.

1998 ല്‍ തന്റെ സ്‌കൂള്‍ മാര്‍ക്കുകള്‍ മെഡിക്കല്‍ സ്‌കൂളില്‍ പ്രവേശനം നേടാന്‍ അപര്യാപ്തമാണെന്ന് മനസിലാക്കിയപ്പോഴാണ് വിജയ് തന്റെ കറുത്ത വംശജനാകുക എന്ന തന്ത്രം പ്രയോഗിച്ചത്.

കറുത്ത വംശജനാണെന്ന് തോന്നിപ്പിക്കാനായി വിജയ് തന്റെ തല വടിക്കുകയും കട്ടിയുള്ള പുരികങ്ങള്‍ വെട്ടി ചെറുതാക്കുകയും ചെയ്തു. തന്റെ മാറ്റം കാരണം അടുത്ത സുഹൃത്തുക്കള്‍ക്കു പോലും തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് വിജയ് അവകാശപ്പെടുന്നു.

രൂപമാറ്റത്തിനു ശേഷം കറുത്ത വര്‍ഗക്കാരായ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള ഒരു സംഘടനയില്‍ അംഗമായ വിജയ് മെഡിക്കല്‍ സ്‌കൂളുകള്‍ക്ക് അപേക്ഷ അയച്ചു തുടങ്ങി. അപേക്ഷയിലെല്ലാം തന്റെ പേരിന്റെ നടുഭാഗമായ ജോജോ എന്ന് ഉപയോഗിക്കാനും ശ്രദ്ധിച്ചു.

എന്നാല്‍ ഒരു പ്രവേശനത്തിനായി തുടങ്ങിയ നാടകം അധികം വൈകാതെ കാര്യമാകുകയായിരുന്നു. വിജയ് യഥാര്‍ഥത്തില്‍ കറുത്ത വംശജനാണെന്ന് ധരിച്ച പോലീസുകാര്‍ ഉപദ്രവിക്കാന്‍ തുറ്റങ്ങി. കടകളില്‍ ആളുകള്‍ മോഷ്ടിക്കാന്‍ വന്നയാളെന്ന മട്ടില്‍ നിരീക്ഷിച്ചു. ചില സ്ത്രീകള്‍ക്ക് തന്നോട് സംസാരിക്കാന്‍ തന്നെ ഭയമായി തുടങ്ങുയെന്നും വിജയ് ഓര്‍മ്മിക്കുന്നു.

എന്നാല്‍ രൂപം മാറുകയെന്ന തന്ത്രം ശരിയായിരുന്നു എന്ന് തെളിയിച്ചു കൊണ്ട് വിജയ്ക്ക് അമേരിക്കയില്‍ പ്രധാന മെഡിക്കല്‍ സ്‌കൂളില്‍ തന്നെ അഡ്മിഷന്‍ ലഭിച്ചു. ശരാശരിക്കും താഴെ മാര്‍ക്കുകള്‍ ഉള്ള വിജയിനെ സംബന്ധിച്ചിടത്തോളം അത്ഭുതം തന്നെയായിരുന്നു അത്.

എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം പഠനം മതിയാക്കി സ്‌കൂള്‍ വിട്ടതിനു ശേഷമാണ് വിജയ് തന്റെ വെബ്‌സൈറ്റില്‍ കറുത്ത വംശജനായി ജീവിച്ചതിന്റെ അനുഭവങ്ങള്‍ തുറന്നെഴുതിയത്. പ്രശസ്ത നടിയായ മിന്‍ഡി കാളിംഗിന്റെ സഹോദരന്‍ കൂടിയാണ് വിജയ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.