1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2017

സ്വന്തം ലേഖകന്‍: മൂന്നു ലക്ഷം രൂപക്ക് മുകളില്‍ പണമിടപാട് നടത്തിയാല്‍ 100% പിഴ ചുമത്താന്‍ കേന്ദ്രം, സംശയാസ്പദമായ ഒരു കോടിയോളം ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കുന്നു. മൂന്നു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടിന് 100 ശതമാനം പിഴയീടാക്കുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുക് ആദിയ വ്യക്തമാക്കി. മൂന്നു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടിന് ബജറ്റില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

നിയമലംഘനത്തിന് നൂറ് ശതമാനം പിഴ ഈടാക്കാന്‍ തീരുമാനിച്ചതോടെ മൂന്നു ലക്ഷത്തിനു മുകളില്‍ എത്ര രൂപയുടെ ഇടപാടാണോ നടത്തുന്നത് അത്രയും തുക പിഴ അടക്കേണ്ടി വരും. ഏപ്രില്‍ ഒന്നിന് പുതിയ നിയമം നിലവില്‍ വരും. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹസ്മുഖ് ആദിയ ഇക്കാര്യം പറഞ്ഞത്.

നോട്ട് നിരോധനം മൂലം കള്ളപ്പണത്തിന് കണക്കുണ്ടാക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഈ സ്ഥിതി നിലനിര്‍ത്തുന്നതിനാണ് പണമിടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബാങ്കിംഗ് സ്ഥാപനങ്ങള്‍, പോസ്‌റ്റോഫീസ്, സഹകരണ ബാങ്ക് എന്നിവയ്ക്ക് നിരോധനം ബാധകമാകില്ല.

അതോടൊപ്പം കള്ളപ്പണ വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു കോടി ബാങ്ക് അക്കൗണ്ടുകള്‍ നികുതി വകുപ്പ് പരിശോധിക്കുന്നു. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ കള്ളപ്പണ നിക്ഷേപം വന്‍ തോതില്‍ ഉണ്ടായി എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പരിശോധന. ഓപ്പറേഷന്‍ ക്ലീന്‍ മണി എന്നു പേരിട്ട ഈ പരിശോധനയിലൂടെ കള്ളപ്പണം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

സംശയാസ്പദമായി ബാങ്ക് അക്കൗണ്ടുകര്‍ കണ്ടെത്തിയതോടെ വരുമാന സ്രോതസ് വെളിപ്പെടുത്താന്‍ 18 ലക്ഷം അക്കൗണ്ട് ഉടമകളോട് നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സംശയാസ്പദമായ ബാങ്ക് അക്കൗണ്ടുകളുടെ ഉടമകളോട് ഇമെയില്‍ വഴിയും എസ്.എം.എസിലൂടെയും വിവരങ്ങര്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ അസിസ്റ്റന്റ് കമ്മീഷണറില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കുമെന്നും നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.

നോട്ട് നിരോധനത്തിനു ശേഷം രാജ്യത്തെ ജന്‍ ധന്‍ അക്കൗണ്ടുകളില്‍ വന്‍ തോതില്‍ പണം വന്ന് നിറഞ്ഞതോടെ കള്ളപ്പണം ആണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. നോട്ട് നിരോധനത്തിനുശേഷം ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് ഒഴുകിയ രൂപയുടെ കണക്ക് കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രാലയം വെളിപ്പെടുത്തിറ്റതിനു പിന്നാലെ ഇത് കള്ളപ്പണം ആണെന്ന ആരോപണം ശക്തമായതോടെയാണ് നികുതി വകുപ്പ് ഓപ്പറേഷന്‍ ക്ലീന്‍ മണിയുമായി രംഗത്തെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.