1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2016

സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖല ശീതക്കാറ്റില്‍ തണുത്തു വിറക്കുന്നു, പലയിടങ്ങളിലും താപനില പൂജ്യത്തിന് താഴെ. വീശിയടിക്കുന്ന ശീതക്കാറ്റിനു പുറമെ മഞ്ഞു വീഴ്ചയും തുടങ്ങിയതോടെ തണുപ്പ് ജനജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങി. ബുധനാഴ്ച മുതല്‍ തുടങ്ങിയ തണുപ്പ് ശനിയാഴ്ചയോടെ അതിശൈത്യമായി. യൂറോപ്പിലെ കാലാവസ്ഥാ മാറ്റത്തിന്റെ ഫലമാണ് ഗള്‍ഫിലെ അതിശൈത്യമെന്ന് കാലാവസ്ഥാ വിഭാഗം പറഞ്ഞു.

സൗദിയില്‍ ചൊവ്വാഴ്ച വരെ ശീതക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറഞ്ഞു. വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. 1992 നുശേഷം ഏറ്റവും തണുപ്പ് അനുഭവപ്പെട്ട ദിവസമായിരുന്നു ശനിയാഴ്ച. ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത് ഹാഇലിലാണ്– മൈനസ് ആറ് ഡിഗ്രി.

സ്വീഡന്‍, നോര്‍വേ, ആല്‍പ്‌സ് പര്‍വത നിരകള്‍ എന്നിവിടങ്ങളിലെ തണുപ്പിനേക്കാള്‍ കൂടുതലാണിത്. ഹാഇലില്‍ താഴ്ന്ന പ്രദേശങ്ങള്‍ മഞ്ഞില്‍ മൂടി. വെള്ളം തണുത്തുറഞ്ഞ് കട്ടിയായതോടെ പലയിടങ്ങളിലും ജലവിതരണ പൈപ്പുപൊട്ടി. ശനിയാഴ്ച ആരംഭിച്ച 13 ദിവസം നീളുന്ന അതിശൈത്യത്തിനാണ് സൌദി സാക്ഷിയാകുന്നതെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകന്‍ സല്‍മാല്‍ അല്‍ റമദാന്‍ പറഞ്ഞു.

കുവൈത്തില്‍ മരുപ്രദേശങ്ങളില്‍ ചരിത്രത്തിലാദ്യമായി അന്തരീക്ഷ ഊഷ്മാവ് മൈനസ് ഏഴ് ഡിഗ്രി വരെ താഴ്ന്നു. പലയിടങ്ങളിലും മഞ്ഞുവീഴ്ചയും ആലിപ്പഴ വര്‍ഷവും ഉണ്ടായി. കൊടുംതണുപ്പിനൊപ്പം മണിക്കൂറില്‍ 20 മുതല്‍ 45 വരെ കിലോമീറ്റര്‍ വേഗത്തില്‍ ശീതക്കാറ്റ് വീശുന്നത് ജനജീവിതം ദുസ്സഹമാക്കി.

ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം അതിശൈത്യം അനുഭവപ്പെടുന്നു. കഴിഞ്ഞ ദിവസം താപനില ഈ രാജ്യങ്ങളില്‍ പത്തില്‍ താഴെയെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.