1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2018

സ്വന്തം ലേഖകന്‍: ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ഹോളിവുഡ് ലൈംഗിക വേട്ടയ്ക്ക് അന്ത്യം; ഇരകളായത് താരസുന്ദരിമാര്‍ ഉള്‍പ്പെടെ 50 ലധികം പേര്‍; കുടുക്കിയത് മീടു ക്യാമ്പെയിന്‍. സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെപ്പറ്റി ഹോളിവുഡിലെ നടിമാര്‍ ആരംഭിച്ച മീടു ക്യാമ്പയിനിലാണ് പ്രശസ്ത നിര്‍മ്മാതാവിനെതിരെ എണ്‍പതിലധികം നടിമാര്‍ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഈ സംഭവത്തോടെയാണ് ചലച്ചിത്ര മേഖലയില്‍ മീടു ക്യാമ്പെയിന്‍ ആരംഭിച്ചതും. 66 വയസായ ഹാര്‍ലി ഇപ്പോള്‍ അറസ്റ്റിലായത് രണ്ടു മാനഭംഗകേസുകളിലാണ്.

സ്ത്രീകളുടെ സമ്മതമില്ലാതെ താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു. ഒരു മില്ല്യണ്‍ ഡോളര്‍ കെട്ടിവച്ച് ഹാര്‍വി വെയ്ന്‍സ്റ്റന്‍ ജാമ്യത്തിലിറങ്ങി. നിരീക്ഷണ ഉപകരണം ഘടിപ്പിക്കണമെന്ന നിബന്ധനയോടെയാണ് മാന്‍ഹാട്ടന്‍ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ലോവര്‍ മന്‍ഹാട്ടനിലെ പൊലീസ് സ്റ്റേഷനില്‍ എത്തിയ വെയ്ന്‍സ്റ്റീനെ വിലങ്ങുവച്ചാണു കോടതിയില്‍ ഹാജരാക്കിയത്. ന്യൂയോര്‍ക്ക് കോടതി കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു.

ബലാത്സംഗം, ലൈംഗിക കുറ്റകൃത്യം, ലൈംഗികമായി ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ വെയ്ന്‍സ്റ്റനെതിരേ ചുമത്തിയെന്ന് ന്യൂയോര്‍ക്ക് പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇരകള്‍ നീതി തേടി ധൈര്യത്തോടെ മുന്നോട്ടുവന്നതിന് പൊലീസ് നന്ദി പറഞ്ഞു. ഹോളിവുഡിലെ ഏറ്റവും പ്രബലനായ നിര്‍മ്മാതാവായിരുന്ന വെയ്ന്‍സ്റ്റീനെതിരെ ആഞ്ജലീന ജോളി, സല്‍മ ഹയേക്, ഉമ തുര്‍മന്‍, ആഷ്‌ലി ജൂഡ് എന്നീ പ്രമുഖ നടിമാര്‍ അടക്കം എണ്‍പതിലേറെ സ്ത്രീകളാണ് കഴിഞ്ഞ മാസങ്ങളില്‍ പീഡനാരോപണങ്ങളുമായി രംഗത്തെത്തിയത്.

തൊഴില്‍ മേഖലയിലെ ലൈംഗിക ചൂഷണത്തിനെതിരായ ‘മീ ടൂ’ മുന്നേറ്റത്തിനു പ്രേരണയായത് ഈ സംഭവമാണ്. 2004നും 2013നും ഇടയില്‍ നടന്ന ലൈംഗികാതിക്രമങ്ങളുടെ പേരില്‍ രണ്ടു സ്ത്രീകള്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്. കുറ്റം തെളിഞ്ഞാല്‍ 25 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ന്യൂയോര്‍ക്ക് ടൈംസും ന്യൂയോര്‍ക്കറുമാണ് മിറാമാക്‌സ് സ്റ്റുഡിയോയുടെ സ്ഥാപകനായ വെയ്ന്‍സ്റ്റീനിനെതിരായ ആരോപണങ്ങള്‍ പുറത്തുവിട്ടത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.