1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2016

സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ഹില്ലരി ക്ലിന്റന്റെ ജനപ്രീതി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്, സ്വന്തം പാര്‍ട്ടി നേതാക്കളെ ചീത്തവിളിച്ച് എതിരാളി ട്രംപ്. പ്രചാരണത്തിന്റെ ഭാഗമായുള്ള രണ്ടാം പരസ്യ സംവാദത്തിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റന്‍ മുന്‍തൂക്കം നേടിയതോടെ ജനപ്രീതിയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ഹില്ലരി 11 ശതമാനത്തിന്റെ മുന്നേറ്റമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്.

സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം നടത്തുന്ന വീഡിയോ പുറത്തായതിനെ തുടര്‍ന്ന് ട്രംപിന്റെ ജനപ്രീതി ഇടിഞ്ഞതാണ് ഹില്ലരിയുടെ വലിയ മുന്നേറ്റത്തിനിടയാക്കിയത്. ഹില്ലരിക്ക് 49 ശതമാനവും ട്രംപിന് 38 ശതമാനവും ജനപ്രിയതയുള്ളതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ശക്തമായ നിലയിലാണ് ഹില്ലരിയെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ട്രംപ് സ്ത്രീകള്‍ക്കെതിരായി മോശപ്പെട്ട പരാമര്‍ശങ്ങള്‍ നടത്തുന്ന 2005ലെ ഒരു വീഡിയോ വാഷിംഗ്ടണ്‍ പോസ്റ്റ് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇത് ട്രംപിനെ പ്രതിരോധത്തിലാക്കിയിരുന്നു. വീഡിയോ വിവാദമായതിനെ തുടര്‍ന്ന് ക്ഷമാപണവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. തന്നെ
തിരഞ്ഞെടുത്താല്‍ ഇമെയില്‍ കേസില്‍ ഹില്ലരി ക്ലിന്റനെ ജയിലിലടക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ സ്ത്രീകളെ അപമാനിച്ച ട്രംപ് പ്രസിഡന്റാകാന്‍ യോഗ്യനല്ലെന്ന് ഹില്ലരി തിരിച്ചടിച്ചു.

പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ചര്‍ച്ചയില്‍ ബില്‍ ക്ലിന്റനെതിരെയും ട്രംപ് രംഗത്തെത്തി. ക്ലിന്റന്‍ പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും ട്രംപ് സംവാദത്തില്‍ ആരോപിച്ചു. 90 മിനിറ്റോളം നീണ്ടുനില്‍ക്കുന്നതായിരുന്നു രണ്ടാമത്തെ സംവാദം. അമേരിക്കന്‍ നിയമത്തിന്റെ ഇന്‍ചാര്‍ജ് ഡൊണാള്‍ഡ് ട്രംപ് അല്ലെന്ന് ട്രംപിന്റെ ആരോപണത്തിനും ഭീഷണിക്കും ഹില്ലരി മറുപടി നല്‍കുകയും ചെയ്തിരുന്നു.

അതേസമയം തന്നെ കൈവിട്ട റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് എതിരേ ആഞ്ഞടിച്ച ട്രംപ് ഇനി സ്വന്തം ശൈലിയനുസരിച്ച് പ്രചാരണം നടത്തുമെന്നു വ്യക്തമാക്കി. ഹില്ലരിയാണു ജയിക്കാന്‍ സാധ്യതയെന്നും ട്രംപിനുവേണ്ടി പ്രചാരണത്തിനില്ലെന്നും സ്പീക്കര്‍ പോള്‍ റയന്‍ പറഞ്ഞതാണു ട്രംപിനെ ചൊടിപ്പിച്ചത്. ജോണ്‍ മക്കെയിന്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ട്രംപിനെ തള്ളിപ്പറഞ്ഞു.

റയനും മക്കെയിനും വിശ്വസ്തരല്ലെന്നു ട്രംപ് ആക്ഷേപിച്ചു. ഇവരുടെ സഹായമില്ലാതെ മുന്നോട്ടുപോകാനാവും. റയനെ കഴിവുകെട്ടവനെന്നു വിശേഷിപ്പിച്ച ട്രംപ്, റയന്റെ പിന്തുണ ആവശ്യമില്ലെന്നു പറഞ്ഞു. പ്രൈമറിയില്‍ വിജയിക്കാന്‍ തന്റെ സഹായം തേടിയ മക്കെയിന്‍ ഇപ്പോള്‍ തന്നെ തള്ളിപ്പറഞ്ഞതിനെയും ട്രംപ് ചോദ്യം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.