1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2019

സ്വന്തം ലേഖകന്‍: ജനാധിപത്യ അവകാശങ്ങള്‍ക്കായി ചൈനയ്‌ക്കെതിരെ പോരാടുന്ന ആയിരക്കണക്കിനു പ്രക്ഷോഭകര്‍ ഇന്നലെ ഹോങ്കോങ് വിമാനത്താവളം കയ്യടക്കിയതിനെ തുടര്‍ന്ന് എല്ലാ വിമാനങ്ങളും റദ്ദു ചെയ്തു. ഇതേസമയം, 10 ആഴ്ച പിന്നിട്ട പ്രക്ഷോഭം പൊലീസിനു നേരെ പെട്രോള്‍ ബോംബ് എറിയുക തുടങ്ങിയ നടപടികളിലൂടെ ‘ഭീകരത’യുടെ തലം കൈവരിച്ചിരിക്കുകയാണെന്ന് ചൈന കുറ്റപ്പെടുത്തി.

അയ്യായിരത്തിലേറെ പ്രക്ഷോഭകരാണ് പൊലീസ് അക്രമങ്ങള്‍ക്കെതിരായ പ്ലക്കാര്‍ഡുകളുയര്‍ത്തി തിങ്കളാഴ്ച വിമാനത്താവളം ഉപരോധിച്ചത്. ഇതിനു മുന്‍പുള്ള 3 ദിവസങ്ങളില്‍ റാലികള്‍ നടന്നിരുന്നെങ്കിലും ഇന്നലെയാണ് വിമാനത്താവളം അടച്ചിടത്തക്ക നിലയിലുള്ള കുഴപ്പങ്ങള്‍ ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ഇതേസമയം,പൊലീസ് റാലികളില്‍ നുഴഞ്ഞുകയറി കുഴപ്പങ്ങള്‍ സൃഷ്ടിച്ചതായി പ്രക്ഷോഭകര്‍ കുറ്റപ്പെടുത്തി. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 45പേര്‍ക്കു പരുക്കേറ്റു. ഇതില്‍ 2 പേരുടെ നില ഗുരുതരമാണ്. മുഖത്തിനു പരുക്കേറ്റ ഒരു യുവതിയുടെ കാഴ്ച നഷ്ടമായതായാണു സൂചന.

വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതിനേത്തുടര്‍ന്ന് ഹോങ്കോങില്‍ നിന്നും പുറപ്പെടുന്നതും ഇവിടേക്ക് വരുന്നതുമായ എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. ചെക്ക്ഇന്‍ പ്രോസസ് കഴിഞ്ഞ വിമാനങ്ങളും ഇപ്പോള്‍ പുറപ്പെട്ടവയുമൊഴികെ മറ്റുള്ളവയാണ് റദ്ദാക്കിയത്. യാത്രക്കാരോട് എത്രയും വേഗത്തില്‍ വിമാനത്താവളത്തില്‍നിന്ന് പുറത്തുകടക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

5000ത്തിലേറെ പ്രതിഷേധക്കാരാണ് വിമാനത്താവളത്തിലും പരിസരത്തുമായി ഒത്തുചേര്‍ന്നിരിക്കുന്നത്. ഹോങ്കോങ് സുരക്ഷിതമല്ലെന്നുള്ള പ്ലക്കാര്‍ഡുകള്‍ കൈയിലേന്തിയാണ് പ്രതിഷേധക്കാര്‍ സംഘടിച്ചിരിക്കുന്നത്. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ആഴ്ചകളായി നടന്നുവരുന്ന സംഘട്ടനത്തിന്റെ തുടര്‍ച്ചയാണ് പുതിയ സംഭവ വികാസങ്ങള്‍.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല