1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2019

സ്വന്തം ലേഖകന്‍: ചൈനയുമായി കുറ്റവാളി കൈമാറ്റ കരാര്‍ ഉണ്ടാക്കുന്നതിനെതിരേ ചൈനീസ് സ്വയംഭരണപ്രവിശ്യയായ ഹോങ്കോങ്ങില്‍ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭം അതിശക്തമായി. ഇന്നലെ നിയമസഭയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച പ്രക്ഷോഭകരെ പോലീസ് ലാത്തിയും കണ്ണീര്‍വാതകവും റബര്‍ബുള്ളറ്റും പ്രയോഗിച്ചു നേരിട്ടു. ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യം ചൈനയ്ക്ക് അടിയറവയ്ക്കരുതെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ പ്രധാന തെരുവുകള്‍ ഉപരോധിച്ചു.

ഹോങ്കോങ്ങിനു കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് 2014ല്‍ നടന്ന കുടവിപ്ലവത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സമരം. അടിച്ചമര്‍ത്തപ്പെട്ട ആ പ്രക്ഷോഭത്തെപ്പോലെ ഈ സമരവും യുവാക്കളാണു നടത്തുന്നത്. കമ്യൂണിസ്റ്റ് ചൈനയിലെ സ്വാതന്ത്ര്യം കുറഞ്ഞകോടതികളില്‍ ഹോങ്കോങ്ങുകാരെ വിചാരണ ചെയ്യാന്‍ അനുവദിക്കുന്നതാണ് നിര്‍ദിഷ്ട ബില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കുറ്റവാളികള്‍ ഹോങ്കോങ്ങിനെ സങ്കേതമാക്കുന്നതു തടയാന്‍ നിയമം വേണമെന്ന് ചൈനാഅനുകൂലിയായ ഹോങ്കോങ് ഭരണാധികാരി കാരി ലാം ചൂണ്ടിക്കാട്ടുന്നു.

നിയമനിര്‍മാണ നടപടികള്‍ ഇന്നലെ ഉച്ചയ്ക്കു മൂന്നു മണിക്കകം പിന്‍വലിക്കണമെന്ന് പ്രക്ഷോഭകര്‍ അന്ത്യശാസനം നല്കിയിരുന്നു. സമയം അവസാനിച്ചതിനു പിന്നാലെ പ്രക്ഷോഭകര്‍ പാര്‍ലമെന്റിലേക്കു തള്ളിക്കയറാന്‍ തുടങ്ങി. ഇവരെ നേരിടാന്‍ പോലീസ് കുരുമുളക് സ്‌പ്രേയും ലെഡ് പെല്ലറ്റുകളും ഉപയോഗിച്ചു. പ്രക്ഷോഭകര്‍ കയ്യില്‍ കിട്ടിയതെല്ലാം പോലീസിനു നേര്‍ക്കു വലിച്ചെറിഞ്ഞു. നഗരത്തിലെ പ്രധാനപാതകളിലെല്ലാം പ്രക്ഷോഭം നടന്നു. ബില്ലിന്മേര്‍ പാര്‍ലമെന്റില്‍ ഇന്നലെ നിശ്ചയിച്ചിരുന്ന ചര്‍ച്ച മാറ്റിവച്ചു.

പത്തുലക്ഷം പേര്‍ പങ്കെടുത്ത പ്രകടനം ഞായറാഴ്ച നടന്നിരുന്നു. എന്നാല്‍ ഹോങ്കോങ് ഭരണകര്‍ത്താക്കള്‍ പ്രക്ഷോഭത്തെ അവഗണിക്കുകയാണ്. ബില്‍ ഉപേക്ഷിക്കുന്നതുവരെ തെരുവില്‍ തുടരുമെന്നാണ് പ്രക്ഷോഭകര്‍ മുന്നറിയിപ്പു നല്കിയിരിക്കുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.