1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2017

സ്വന്തം ലേഖകന്‍: അന്റാര്‍ട്ടിക്കയില്‍ ഭീമന്‍ മഞ്ഞുമല പിളര്‍ന്നു, മേഖലയില്‍ കപ്പലുകള്‍ക്ക് അപകട മുന്നറിയിപ്പ്. അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ നാലാമത്തെ മഞ്ഞുമലയായ ലാര്‍സന്‍ സിയുടെ വലിയ ഭാഗമാണ് ഇപ്പോള്‍ പൊട്ടിയടര്‍ന്നിരിക്കുന്നത്. കപ്പലുകള്‍ക്കു വന്‍ഭീഷണി ഉയര്‍ത്തിയാണ് 5800 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുള്ള മഞ്ഞുമലയുടെ ഒഴുകല്‍. ഇതിന് ഇന്തൊനീഷ്യന്‍ ദ്വീപായ ബാലിയുടെ വലുപ്പമുണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

മഞ്ഞുമലകള്‍ ഒഴുകിനീങ്ങുന്നത് അന്റാര്‍ട്ടിക്കയില്‍ സംഭവിക്കാറുണ്ടെങ്കിലും ഇത്രയും വലിപ്പമുള്ള മഞ്ഞുമല ഇതാദ്യമാണ്. 17 കിലോമീറ്റര്‍ നീളത്തിലാണ് പുതിയ വിള്ളലുണ്ടായത്. മഞ്ഞുമലയ്ക്ക് സമാന്തരമായിട്ടായിരുന്നു വിള്ളല്‍. എന്നാല്‍ നിലവില്‍ അത് മലയുടെ മുന്‍ഭാഗത്തേക്കു തിരിഞ്ഞിരുന്നു. ഏതുനിമിഷം വേണമെങ്കിലും ലാര്‍സന്‍ സിയുടെ 10 ശതമാനം വരുന്ന ഭാഗം തകരുന്ന അവസ്ഥയിലായിരുന്നു എന്നും നേരത്തേ അടര്‍ന്നതാണെങ്കിലും ഈ മാസം 10നു ശേഷമാണു ഈ ഭാഗം നീങ്ങിത്തുടങ്ങിയതെന്നും ഗവേഷകര്‍ വ്യക്തമാക്കി.

2002 ല്‍ ലാര്‍സന്‍ സിയുടെ സമീപത്തുള്ള ലാര്‍സന്‍ ബി എന്ന മഞ്ഞുമലയില്‍ നിന്നും ഒരു ഭാഗം അടര്‍ന്നു വീണിരുന്നു. തുടര്‍ന്ന് ലക്ഷക്കണക്കിനു കഷ്ണങ്ങളായാണ് ആ മഞ്ഞുമല തകര്‍ന്നടിഞ്ഞത്. 2010ല്‍ ലാര്‍സന്‍ എ എന്നറിയപ്പെടുന്ന സമീപത്തുള്ള മഞ്ഞുമലയില്‍ നിന്നും ഒരു വലിയ ഭാഗം അടര്‍ന്നു വീണിരുന്നു. ഈ പ്രതിഭാസം സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും മഞ്ഞുമലയുടെ ഓരോ ചലനവും നിരീക്ഷിക്കുന്നുണ്ടെന്നും ഗവേഷകര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.