1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2017

സ്വന്തം ലേഖകന്‍: ലാലു പ്രസാദ് യാദവിന് ആദായ നികുതി വകുപ്പിന്റെ പൂട്ട്, 165 കോടി രൂപയുടെ അനധികൃത സ്വത്തുക്കള്‍ പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ബിഹാറിലെ പാറ്റ്‌നയിലും സമീപ പ്രദേശത്തുമുള്ള കെട്ടിടങ്ങള്‍, ഷോപ്പിംഗ് മാളിന് വേണ്ടി നിര്‍മ്മാണം നടക്കുന്ന 3.5 ഏക്കര്‍ ഭൂമി എന്നിവയാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്.

165 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ലാലുവിന്റെ മകനും പിന്‍ഗാമിയുമായ തേജസ്വി യാദവിന്റെ ഡല്‍ഹിയിലെ വീടും മകള്‍ മിര്‍സയുടെ ഫാം ഹൗസും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ബിനാമി സ്വത്ത് സമ്പാദനക്കേസില്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനെതിരെ ആദായനികുതി വകുപ്പ് നേരത്തേ കേസെടുത്തിരുന്നു.

അതേസമയം, റെയില്‍വെ ഹോട്ടല്‍ ടെന്‍ഡര്‍ കേസുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവിനും തേജ്വസി യാദവിനും ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമയം സിബിഐ നീട്ടി നല്‍കി. നികുതി വെട്ടിപ്പ്, അഴിമതി, ഭൂമിയിടപാട്, തുടങ്ങിയ കേസുകളില്‍ ലാലു യാദവ് കുടുംബത്തിലെ അഞ്ച് പേര്‍ ഇത് വരെ ആരോപണവിധേയരാണ്. നികുതി വെട്ടിക്കാനായി സ്വന്തം വിവരങ്ങള്‍ മറച്ചുവെച്ച് മറ്റുളളവരുടെ പേരില്‍ ഭൂമി വാങ്ങിയെന്ന് കുടുംബത്തിനെതിരെ ആദായനികുതി വകുപ്പ് ആരോപണം ഉന്നയിക്കുന്നു.

തുടര്‍ന്ന് കുടുംബത്തിനെതിരെ കേസെടുത്ത അന്വേഷണ സംഘം കഴിഞ്ഞ മാസം തേജസ്വി യാദവിനേയും അമ്മയും മുന്‍ മുഖ്യമന്ത്രിയും ആയ രാബ്രി ദേവിയേയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ് തങ്ങള്‍ക്കെതിരായ കേസും ആരോപണവും എന്നാണ് ലാലു പ്രസാദ് കുടുംബം ആരോപിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.