1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2016

സ്വന്തം ലേഖകന്‍: ഇന്ത്യ, യുഎഇ തൊഴില്‍ കരാര്‍ യാഥാര്‍ഥ്യമാകുന്നു, നടപടികള്‍ വേഗം കൂട്ടാന്‍ തീരുമാനം. അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് സായിദ് ആല്‍നഹ്യാന്റെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് കരാര്‍ സംബന്ധിച്ച് ധാരണയായത്.

കരാറിന് അന്തിമ രൂപം നല്‍കുന്നതിന് ഇന്ത്യ, യുഎഇ സംയുക്ത ലേബര്‍ കമ്മിറ്റിയുടെ യോഗം ഉടന്‍ ചേരുമെന്ന് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ തൊഴില്‍സമൂഹത്തിന്റെ സംഭാവനയെ യു.എ.ഇ വിലമതിക്കുന്നതായും യു.എ.ഇ തൊഴില്‍ മന്ത്രാലയം സമൂഹത്തിന് നല്‍കുന്ന പരിഗണനയില്‍ ഇന്ത്യ സന്തോഷിക്കുന്നതായൂം സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

തീവ്രവാദത്തിനും അത്തരം നടപടികളെ സഹായിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഇരുരാജ്യങ്ങളും ഒന്നിച്ചുനില്‍ക്കും. ഭീകരതയെ രാജ്യനയവുമായി കൂട്ടിക്കുഴക്കുന്നതിനെ അംഗീകരിക്കില്ല. തീവ്രവാദത്തിന് ഏതെങ്കിലും മതത്തിന്റെ മേല്‍വിലാസം നല്‍കുന്നതിനെയും പിന്തുണക്കില്ല. തീവ്രവാദ ശക്തികള്‍ക്കെതിരെ ആഗോള കൂട്ടായ്മ ശക്തിപ്പെടുത്തണം.

സുരക്ഷമേഖലയില്‍ ഇന്ത്യയൂം യു.എ.ഇയും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തും. സൈബര്‍ സുരക്ഷ, എണ്ണ, പാരമ്പര്യേതര ഊര്‍ജം തുടങ്ങിയ മേഖലയില്‍ ഇരുരാജ്യങ്ങളിലെയും സ്ഥാപനങ്ങള്‍ തമ്മില്‍ സഹകരണം ശക്തമാക്കും. കപ്പല്‍ ഗതാഗതം, റെയില്‍, റോഡ് എന്നിങ്ങനെ അടിസ്ഥാന സൗകര്യവികസനത്തില്‍ സംയുക്ത സംരംഭങ്ങള്‍ തുടങ്ങും.

ബഹിരാകാശ ഗവേഷണം, ആണവോര്‍ജം എന്നീ മേഖലകളില്‍ ഇന്ത്യയുടെ വൈദഗ്ധ്യം യു.എ.ഇ പ്രയോജനപ്പെടുത്തുമെന്നും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മൂന്നു ദിവസത്തെ സന്ദര്‍ശനം ഇന്ന് സമാപിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.