1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2018

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഡീല്‍ അന്തിമ രൂപത്തിലേക്ക്; ബ്രെക്‌സിറ്റ് പക്ഷെത്തെ ഞെട്ടിച്ച് പ്രീതി പട്ടേല്‍ തെരേസാ മേയ് വിരുദ്ധരുടെ പക്ഷത്ത്. ബ്രസല്‍സില്‍ വച്ച് നിര്‍ണായകമായ ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ബ്രെക്‌സിറ്റ് ഡീലിറ്റെ അന്തിമരൂപം ഉടന്‍ തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്യന്‍ യൂണിയന്‍ പക്ഷത്തുള്ള നെഗോഷ്യേറ്റര്‍മാര്‍ കരാറിന്റെ അന്തിമരൂപം അടുത്ത ആഴ്ച ബ്രിട്ടീഷ് സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചേക്കും.

യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്ററായ മൈക്കല്‍ ബാര്‍ണിയറുടെ നേതൃത്വത്തിലുള്ള ടീം രൂപം കൊടുത്ത ഇന്റേണല്‍ ഡോക്യുമെന്റുകള്‍ ജര്‍മനിയിലെ ഒരു പത്രം ചോര്‍ത്തി പുറത്ത് വിട്ടുവെന്നും സൂചനയുണ്ട്. ഇതിലെ സൂചനകള്‍ പ്രകാരമാണ് ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച ധാരണയില്‍ യൂണിയന്‍ നേതാക്കള്‍ എത്തിച്ചേരുമെന്ന് നിരീക്ഷകര്‍ കരുതുന്നത്. ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഒരു ”പ്രൊവിഷനല്‍ ടൈംടേബിള്‍” ഈ രേഖയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതിനിടെ ബ്രെക്‌സിറ്റ് വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരാസാ മേയ്‌ക്കെതിരേ ഇന്ത്യന്‍ വംശജയായ പാര്‍ലമെന്റ് അംഗം പ്രീതി പട്ടേലും രംഗത്തുവന്നു. ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയനുമായി വ്യാപാര ധാരണ ഉണ്ടാക്കാനുള്ള മേയുടെ ശ്രമമാണ് പ്രീതി അടക്കമുള്ളവരെ ചൊടിപ്പിക്കുന്നത്. മേയ്‌ക്കെതിരേ ആരോപണം ഉന്നയിച്ച് മുന്‍ ബ്രെക്‌സിറ്റ് മന്ത്രി സ്റ്റീവ് ബേക്കര്‍ തയാറാക്കിയ കത്തില്‍ പ്രീതിയും ഒപ്പുവച്ചു.

യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുവന്നാല്‍ ബ്രിട്ടന്റെ സാമ്പത്തികനില പരുങ്ങലിലാകുമെന്ന മേയുടെ സംഘത്തിന്റെ പ്രചാരണത്തിന് ഒരടിസ്ഥാനവും ഇല്ലെന്ന് കത്തില്‍ പറയുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.