1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2017

സ്വന്തം ലേഖകന്‍: റഷ്യന്‍ ബന്ധം, ട്രംപിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത്, ട്രംപിനെ രക്ഷിക്കാന്‍ പുടിന്‍ രംഗത്തിറങ്ങുന്നു. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ലിന്നും റഷ്യയും തമ്മിലുള്ള ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ അന്നത്തെ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിക്ക് പ്രസിഡന്റ് ട്രംപ് നിര്‍ദേശം കൊടുത്തെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ന്യൂയോര്‍ക്ക് ടൈംസാണ് കോമിയുടെ പക്കലുള്ള ഈ രഹസ്യ ഫയലിന്റെ കാര്യം പുറത്തിവിട്ടത്.

ഓവല്‍ ഓഫീസില്‍ ട്രംപുമായി നടത്തിയ സംഭാഷണത്തിന്റെ വിശദവിവരങ്ങള്‍ കോമി ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നു ഫ്‌ലിന്‍ രാജിവച്ചതിന്റെ പിറ്റേന്നാണു കോമിയുമായി ഓവല്‍ ഓഫീസില്‍ ട്രംപ് ചര്‍ച്ച നടത്തിയത്. അന്വേഷണം വേണ്ടെന്നു വയ്ക്കാന്‍ താങ്കള്‍ക്കു സാധിക്കുമെന്നു കരുതട്ടെ എന്നാണ് ട്രംപ് പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഈ ആരോപണം നിഷേധിച്ച വൈറ്റ്ഹൗസ് ജനറല്‍ ഫ്‌ലിന്നുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ കോമിക്കോ മറ്റ് ആര്‍ക്കെങ്കിലുമോ ട്രംപ് നിര്‍ദേശം നല്‍കിയിട്ടില്ലെന്നു പ്രസ്താവനയില്‍ വ്യക്തമാക്കി. എഫ്ബിഐ ഡയറക്ടര്‍ പദവിയില്‍ നിന്നു കോമിയെ ട്രംപ് നീക്കം ചെയ്തതു സംബന്ധിച്ച വിവാദം കെട്ടടങ്ങും മുന്പാണ് ഫ്‌ലിന്‍ പ്രശ്‌നത്തില്‍ ട്രംപിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുണ്ടായത്.

ഇതിനിടെ റഷ്യന്‍ വിദേശകാര്യമന്ത്രി ലാവ്‌റോവുമായി വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഐഎസ് ആക്രമണഭീഷണിയെക്കുറിച്ചു മൂന്നാമതൊരു രാജ്യത്തുനിന്നു കിട്ടിയ ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവച്ചെന്ന വിവാദത്തില്‍ ട്രംപിന്റെ രക്ഷയ്ക്കായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍ രംഗത്തെത്തി. റഷ്യന്‍ വിദേശമന്ത്രി ലാവ്‌റോവുമായി യുഎസ് പ്രസിഡന്റ് ട്രംപ് നടത്തിയ സംഭാഷണത്തിന്റെ റിക്കോര്‍ഡ് തങ്ങളുടെ പക്കലുണ്ടെന്നും യുഎസ് കോണ്‍ഗ്രസിന് ഇതിന്റെ കോപ്പി കൈമാറാമെന്നും പുടിന്‍ വ്യക്തമാക്കി.

ഐഎസ് ഭീഷണി സംബന്ധിച്ച് അതീവപ്രാധാന്യമുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ ട്രംപ് ലാവ്‌റോവുമായി പങ്കുവച്ചെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കരിങ്കടല്‍ത്തീരത്തെ സോച്ചി നഗരത്തില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജന്റിലോണിയുമൊത്തു നടത്തിയ പത്രസമ്മേളനത്തില്‍ പുടിന്‍ ഇക്കാര്യം അറിയിച്ചത്. ലാവ്‌റോവിന് ട്രംപ് ഒരു രഹസ്യവും കൈമാറിയിട്ടില്ലെന്നും പുടിന്‍ പറഞ്ഞു. കൈമാറിയിട്ടുണ്ടെങ്കില്‍ ലാവ്‌റോവ് തന്നോട് അക്കാര്യം പങ്കുവച്ചിട്ടില്ലെന്നും ഇതിന്റെ പേരില്‍ ലാവ്‌റോവിനെ തനിക്കു ശിക്ഷിക്കാമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.