1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2015

സ്വന്തം ലേഖകന്‍: ഇറ്റാലിയന്‍ നാവികരുടെ കടല്‍ക്കൊല കേസ്, ഇന്ത്യക്ക് തിരിച്ചടിയായി രാജ്യാന്തര ട്രിബ്യൂണല്‍ ഇടപെടല്‍, മലയാളികളായ രണ്ടു മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ പ്രതികളായ രണ്ട് ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെയുള്ള ഇന്ത്യയിലെയും ഇറ്റലിയിലെയും കോടതിനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിലുള്ള രാജ്യാന്തര ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

എന്നാല്‍ ഇറ്റാലിയന്‍ സൈനികരെ ഇന്ത്യ വിട്ടയയ്ക്കാന്‍ ഉത്തരവിടണമെന്ന ഇറ്റലിയുടെ ആവശ്യവും ട്രൈബ്യൂണല്‍ തള്ളി. ഇവരെ വിചാരണ ചെയ്യാന്‍ ഏതു രാജ്യത്തിനാണ് അധികാരമെന്ന വിഷയം അഞ്ചംഗ തര്‍ക്കപരിഹാര കോടതിക്കു വിട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തില്‍ തീരുമാനമെടുക്കാന്‍ ട്രൈബ്യൂണലിന് അധികാരമില്ലെന്ന ഇന്ത്യയുടെ വാദം തള്ളി.

2012 ഫെബ്രുവരി 15 ന് ആണ് എന്റിക്ക ലെക്‌സി കപ്പലിലെ ഇറ്റാലിയന്‍ സൈനികര്‍ രണ്ടു മല്‍സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയത്. ഈ കേസ് ഇന്ത്യയിലെ കോടതി വിചാരണ ചെയ്യുന്നതിനെതിരെ ഇറ്റലി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച ഇന്റര്‍നാഷനല്‍ ട്രൈബ്യൂണല്‍ ഓണ്‍ ലോ ഓഫ് ദ് സീ (ഐടിഎല്‍ഒഎസ്) പ്രസിഡന്റ് വ്‌ലാഡിമിര്‍ ഗോളിത്‌സിന്‍ ഇന്ത്യയോടും ഇറ്റലിയോടും പ്രഥമ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 24ന് അകം സമര്‍പ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഇതു സംബന്ധിച്ചു പുതിയ കേസുകള്‍ ആരംഭിക്കരുതെന്നും നിര്‍ദേശമുണ്ട്. ഈ കേസ് സംബന്ധിച്ചു ട്രൈബ്യൂണല്‍ വാദം കേള്‍ക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല.

കടല്‍ക്കൊള്ളക്കാരാണെന്നു കരുതി മല്‍സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിവച്ചെന്നാണ് ഇറ്റാലിയന്‍ സൈനികരുടെ വാദം. കേസിലെ പ്രതികളിലൊരാളായ മസിമിലാനോ ലത്തോറിന് ആരോഗ്യപ്രശ്‌നങ്ങളാല്‍ ഇറ്റലിയില്‍ ആറുമാസം കൂടി തങ്ങാന്‍ സുപ്രീം കോടതി കഴിഞ്ഞ മാസം 13ന് അനുമതി നല്‍കിയിരുന്നു. കൂട്ടുപ്രതി സാല്‍വത്തോറെ ജിറോണ്‍ മാത്രമാണ് ഇന്ത്യയിലുള്ളത്. സൈനികര്‍ 2012 ഫെബ്രുവരി 19ന് ആണ് അറസ്റ്റിലായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.