1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2019

സ്വന്തം ലേഖകന്‍: നിസ്‌കാര നിരകൊണ്ട് ഒരു സ്‌നേഹ ചിത്രം! ന്യൂസിലന്റിലെ മുസ്ലീം പള്ളികളില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് സമൂഹ മാധ്യമങ്ങളുടെ ആദരം. ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. നിസ്‌കരിക്കാനായി നിരന്നു നില്‍ക്കുന്നവരെ ന്യൂസിലന്റിന്റെ അനൗദ്യോഗിക ചിഹ്നമായ സില്‍വര്‍ ഫേണിന്റെ രൂപത്തില്‍ വരച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. ഭീകരാക്രമണത്തെ തുടര്‍ന്ന് ന്യൂസിലന്റില്‍ നടന്ന ഐക്യദാര്‍ഢ്യ പരിപാടിയുടെ പ്രചരണാര്‍ഥം സിംഗപൂരിലെ കലാകാരനായ കെയ്ത് ലീ വരച്ച ചിത്രമാണിത്.

കൊലയാളി പള്ളിയിലേക്ക് കയറുമ്പോള്‍ ‘വരൂ സഹോദരാ…'(ഹലോ ബ്രദര്‍) എന്ന് അഭിസംബോധന ചെയ്ത് സ്വീകരിച്ച വൃദ്ധനോടുള്ള ആദര സൂചകമായി ആ വാക്കുകളും പോസ്റ്ററിലുണ്ട്. തൊപ്പിയില്‍ ഘടിപ്പിച്ച ക്യാമറ വഴി കൂട്ടക്കൊലയുടെ ദൃശ്യങ്ങള്‍ കൊലയാളി സോഷ്യല്‍മീഡിയയില്‍ തല്‍സമയം പങ്കുവെച്ചിരുന്നു. പള്ളിയിലേക്ക് ഇയാള്‍ തോക്കുമായി നടന്നുകയറുമ്പോള്‍ വരൂ സഹോദരാ എന്ന് പറഞ്ഞാണ് പള്ളിയിലുണ്ടായിരുന്ന വിശ്വാസി സ്വാഗതം ചെയ്തത്. ആ വൃദ്ധനേയും വെടിവെച്ചിട്ടാണ് ഇയാള്‍ കൂട്ടക്കൊല തുടരുന്നത്.

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ പങ്കുവെക്കുന്ന കുറിപ്പും ന്യൂസിലന്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായ കെയ്ന്‍ വില്യംസണ്‍ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘മറ്റ് ന്യൂസിലന്റുകാരെ പോലെ ഇനിയും എന്താണ് സംഭവിച്ചതെന്ന് ഉള്‍ക്കൊള്ളാനായിട്ടില്ല. രാജ്യം ഇത്രമേല്‍ സ്‌നേഹത്തിനായി ദാഹിക്കുന്ന മറ്റൊരുഘട്ടമുണ്ടായിട്ടില്ല. രാജ്യത്തെ മുസ്ലിങ്ങള്‍ക്കും ഭീകരാക്രമണത്തില്‍ ഇരകളായവര്‍ക്കും അവരുടെ ബന്ധുമിത്രാദികള്‍ക്കും ഒപ്പം ഹൃദയം നുറുങ്ങിയ ഓരോ ന്യൂസിലന്റുകാരനും എന്റെ ഐക്യദാര്‍ഢ്യം പങ്കുവെക്കുന്നു. വരൂ, നമുക്കൊന്നിച്ചു നില്‍ക്കാം’ കെയ്ന്‍ വില്യംസണ്‍ കുറിപ്പില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.