1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2019

സ്വന്തം ലേഖകന്‍: പ്രളയകാലത്ത് കണ്ണും പൂട്ടി വ്യാജ വാര്‍ത്തകള്‍ ഫോര്‍വേര്‍ഡ് ചെയ്താല്‍ പണിയാകും; വ്യാജന്മാരില്‍ ഒരാള്‍ പിടിയില്‍; 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ഒരാള്‍ അറസ്റ്റില്‍. സംസ്ഥാനത്ത് 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനാണ് 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തിരുവല്ല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരവിപേരൂര്‍ പൊയ്കാപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ തമ്പിയുടെ മകന്‍ രഘു (48) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ രണ്ടു വീതവും കൊല്ലം സിറ്റി, കൊല്ലം റൂറല്‍, ഇടുക്കി, എറണാകുളം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ റൂറല്‍, പാലക്കാട്, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഒന്നു വീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയുള്ള അന്വേഷണവും മറ്റു നിയമനടപടികളും ഊര്‍ജിതപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുത് എന്ന തരത്തില്‍ നിരവധി സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയിരുന്നു. വ്യാജ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.