1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2018

സ്വന്തം ലേഖകന്‍: ചുഴലിക്കാറ്റുകളുടെ പ്രിയ സങ്കേതമായി അറബിക്കടല്‍; ആശങ്ക പരത്തി ലുബാന്‍ രൂപം കൊള്ളുന്നു; ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; അതീവ ജാഗ്രതാ മുന്നറിയിപ്പ്; ഇടുക്കി ചെറുതോണി അണക്കെട്ട് തുറക്കും. ഞായറാഴ്ച 24 മണിക്കൂറില്‍ 21 സെന്റീമീറ്റര്‍വരെ പെയ്യാം. ഇത് കണക്കിലെടുത്ത് ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും നേരത്തേതന്നെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഞായറാഴ്ച വരെയും പാലക്കാട്ട് തിങ്കളാഴ്ചവരെയും ഓറഞ്ച് അലര്‍ട്ട് ബാധകമാണ്. ഇടുക്കിയിലും മലപ്പുറത്തും തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ടുണ്ട്.

റെഡ് അലര്‍ട്ടുള്ളയിടങ്ങളില്‍ അതിതീവ്ര മഴയും ഓറഞ്ച് അലര്‍ട്ടുള്ളിടങ്ങളില്‍ അതിശക്ത മഴയുമാണ് പ്രതീക്ഷിക്കുന്നത്. അറബിക്കടലില്‍ ലക്ഷദ്വീപിനടുത്തായി രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് വൈകുന്നേരമോ ഞായറാഴ്ച പുലര്‍ച്ചെയോ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. കാറ്റ് ലക്ഷദ്വീപില്‍ നിന്നകന്ന് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതിനാല്‍ കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് പ്രതീക്ഷ. എന്നാല്‍, ന്യൂനമര്‍ദം കാരണം കേരളതീരത്ത് ശക്തമായ കാറ്റുണ്ടാവാം. കൂടാതെ അപ്രതീക്ഷിത ഗതിമാറ്റവും അവഗണിക്കാനാവില്ല.

ന്യൂനമര്‍ദത്തിന്റെ ഭാഗമായി അറബിക്കടലില്‍ രൂപംകൊള്ളുന്ന ചുഴലിക്കാറ്റിന് ലുബാന്‍ എന്നായിരിക്കും പേര്. ഒമാനാണ് ഈ പേര് നല്‍കിയത്. അറബിക്കടലില്‍ അപൂര്‍വമായിരുന്ന ന്യൂനമര്‍ദവും ചുഴലിക്കാറ്റും പതിവാകുന്നത് കടലിലെ ചൂട് കൂടുന്നതു മൂലമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 30 ഡിഗ്രിക്കു മുകളിലാണ് ഈ ദിവസങ്ങളില്‍ കടലിലെ ചൂട്. കാറ്റിന്റെ ഗതിയിലുണ്ടാകുന്ന മാറ്റങ്ങളും ന്യൂനമര്‍ദ സാധ്യത വര്‍ധിപ്പിക്കുന്നു.

ഇപ്പോള്‍ അറബിക്കടലിലാണ് ന്യൂനമര്‍ദം രൂപപ്പെട്ടതെങ്കില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. 72 മണിക്കൂറിനകം ഇത് ശക്തിപ്രാപിച്ച് ഒഡിഷ, ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങും. ഇത് ചുഴലിക്കാറ്റാകുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. ഈ ന്യൂനമര്‍ദത്തിന്റെ സ്വാധീനവും കേരളത്തില്‍ മഴയെ ശക്തിപ്പെടുത്തും. ഈ മാസം മധ്യത്തോടെ തുലാവര്‍ഷത്തിന്റെ വരവും പ്രതീക്ഷിക്കുന്നുണ്ട്.

മത്സ്യത്തൊഴിലാളികള്‍ ഇന്ന് മുതല്‍ കടലില്‍പ്പോകരുതെന്ന് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിശക്തമായ മഴകാരണം ശനി, ഞായര്‍ ദിവസങ്ങളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്‌കൈമെറ്റ് വിലയിരുത്തുന്നു.

അതിതീവ്രമഴയുടെയും ചുഴലിക്കാറ്റിന്റെയും മുന്നറിയിപ്പിനെത്തുടര്‍ന്ന് ദേശീയ ദുരന്തനിവാരണസേനയുടെ 45 പേരടങ്ങുന്ന അഞ്ച് സംഘങ്ങള്‍ സംസ്ഥാനത്തെത്തി. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍ നാല് സംഘങ്ങളെ വിന്യസിക്കും. ഒരു സംഘം തൃശ്ശൂരില്‍ ക്യാമ്പുചെയ്യും. കടലില്‍പോയ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുനല്‍കാനും തിരിച്ചുവിളിക്കാനുമായി നാവികസേനയുടെയും തീരസംരക്ഷണസേനയുടെയും രണ്ട് ഡോണിയര്‍ വിമാനങ്ങളും മൂന്ന് കപ്പലുകളും രംഗത്തുണ്ട്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.