1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2019

സ്വന്തം ലേഖകന്‍: കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍; അക്രമങ്ങള്‍ തടയാന്‍ ഡിജിപിയുടെ നിര്‍ദേശം. കാസര്‍ഗോഡ് ജില്ലയില്‍ ഇന്നലെ വൈകിട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന ഹര്‍ത്താലിന് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്(27), കിച്ചു എന്ന കൃപേഷ്(21)എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലകള്‍ക്ക് പിന്നില്‍ സിപിഐഎം ആണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

ഞായറാഴ്ച രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട് കൂരാങ്കര റോഡിലാണ് സംഭവം. ശരതും കൃപേഷും ബൈക്കില്‍ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വീടിനടുത്തെത്താറായപ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു. കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്.

ഇരുവരെയും വെട്ടി വീഴ്ത്തിയ ശേഷം അക്രമികള്‍ സ്ഥലം വിട്ടു. കുറച്ചു സമയം കഴിഞ്ഞ് ഈ റോഡിലൂടെ പോയവര്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നതും റോഡരികില്‍ ശരത് രക്തം വാര്‍ന്ന് കിടക്കുന്നതും കണ്ടു. ഓടിയെത്തിയ നാട്ടുകാര്‍ അബോധാവസ്ഥയിലായിരുന്ന ശരതിനെ ആസ്പത്രിയിലേക്ക് കൊണ്ടുപ്പോയി. ബൈക്കില്‍ കൃപേഷും കൂടി ഉണ്ടായിരുന്നെന്ന് മനസ്സിലായതോടെ എല്ലാവരും തിരച്ചില്‍ നടത്തിയപ്പോഴാണ് 150 മീറ്റര്‍ അകലെയായി കുറ്റിക്കാട്ടില്‍ കൃപേഷ് രക്തം വാര്‍ന്ന് നിലയില്‍ കിടക്കുന്നത് കണ്ടത്.

സ്ഥലത്തെത്തിയ ബേക്കല്‍ പോലീസ് കൃപേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപ്പോയി. കൃപേഷ് കാസര്‍ഗോഡ് ജനറല്‍ ആസ്പത്രിയിലെത്തുന്നതിന് മുമ്പ് മരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശരത് മംഗ്ലൂരു യൂണിറ്റി ആസ്പത്രിയിലേക്കുള്ള യാത്രക്കിടയിലും മരിച്ചു. കൂരാങ്കരയിലെ സത്യാനാരായണന്റെ മകനാണ് ശരത്. സജീവ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ജവഹര്‍ ബാലജനവേദി പുല്ലൂര്‍ പെരിയ മണ്ഡലം പ്രസിഡന്റാണ്. പെയിന്റിങ് തൊഴിലാളി കൃഷ്ണന്റെയും ബാലാമണിയുടേയും മകനാണ് കൃപേഷ്.

സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരനെ മര്‍ദിച്ച സംഭവത്തില്‍ 11 കോണ്‍ഗ്രസ് യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. റിമാന്‍ഡ് തടവിന് ശേഷം ഇവര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 11 അംഗസംഘത്തില്‍ ശരത്തും ഉണ്ടായിരുന്നു.യൂത്ത് കോണ്‍ഗ്രസിന്റെ ഫേയ്‌സ്ബുക്ക് പേജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലില്‍ അതിക്രമങ്ങള്‍ തടയാന്‍ ജില്ലാപോലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.

ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി കൈക്കൊള്ളും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക.

ഹര്‍ത്താലിനെ തുടര്‍ന്നു വിവിധ പരീക്ഷകള്‍ മാറ്റിവച്ചു. ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്എസ്എല്‍സി, ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു. കേരള സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എംജി സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്നു പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.