1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2019

സ്വന്തം ലേഖകന്‍: കൊല്ലം ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു; ചടങ്ങില്‍ രാഷ്ട്രീയ മുനയുള്ള പ്രസംഗങ്ങളുമായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും; തന്റെ പ്രസംഗത്തിനിടെ സദസില്‍ ബഹളം വച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ ശാസനയും താക്കീതും. കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് ബൈപ്പാസ് നിര്‍മിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുംബൈ കന്യാകുമാരി കോറിഡോര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. ചില പദ്ധതികള്‍ മുടങ്ങികിടക്കുകയാണ്.

മുപ്പത് വര്‍ഷമായി മുടങ്ങി കിടക്കുന്ന പദ്ധതികളുണ്ട്. ഇത് ജനങ്ങളോടുള്ള ക്രൂരതയാണ്. പദ്ധതികള്‍ വൈകിപ്പിച്ച് പൊതുപണം പാഴാക്കരുത്. എല്ലാവരുടേയും വികസനമാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം. കേരളത്തിന്റെ വികസനത്തിന് കേന്ദ്രം വലിയ പരിഗണന നല്‍കി.നിരവധി പദ്ധതികള്‍ക്ക് കേരളത്തിന് കേന്ദ്രം പണം അനുവദിച്ചു.കേരള പുനര്‍നിര്‍മ്മാണത്തിനായി കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ജി സുധാകരന്‍ സ്വാഗതം പറഞ്ഞു.

കേരളത്തില്‍ ഒന്നും നടക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പരാതി പരിഹരിച്ചുവെന്നും സംസ്ഥാന സര്‍ക്കാര്‍ വികസന പദ്ധതികളുമായി മുന്നോട്ടുപോവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി മുടങ്ങിക്കിടന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അതുമായി മുന്നോട്ട് പോവുകയാണ്. 2020 ല്‍ ജലപാത പൂര്‍ണ്ണതയിലത്തിക്കും.

കേരളത്തില്‍ ഒന്നും നടക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പരാതി പരിഹരിച്ചുവെന്നും മുഖ്യമന്ത്രി കൊല്ലം ദേശീയ പാത ബൈപ്പാസ് ഉദ്ഘാടന ചടങ്ങിലെ പ്രഭാഷണത്തില്‍ സൂചിപ്പിച്ചു. കേരളം ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നതെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു.

മുഖ്യമന്ത്രി അദ്ധ്യക്ഷ പ്രസംഗം തുടങ്ങിയപ്പോള്‍ സദസില്‍ നിന്ന് പ്രതിഷേധ സൂചകമായി കൂട്ട ശരണം വിളി ഉയര്‍ന്നു. ശരണം വിളി ശക്തിപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തി മൈക്കിലൂടെ തന്നെ താക്കീത് നല്‍കി. വെറുതെ ശബ്ദം ഉണ്ടാക്കരുത്. ചിലര്‍ ശബ്ദം ഉണ്ടാക്കാനായി മാത്രം വന്നിട്ടുണ്ട്. അതു വേണ്ട. അച്ചടക്കം പാലിക്കുകയാണ് നല്ലതെന്നും മുഖ്യമന്ത്രി താക്കീതു നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.