1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2018

സ്വന്തം ലേഖകന്‍: കുവൈത്തിലെ 91 ശതമാനം ഗാര്‍ഹിക തൊഴിലാളികളുടെയും പാസ്സ്‌പോര്‍ട്ട് തൊഴിലുടമയുടെ കൈവശമെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് മനുഷ്യാവകാശ സമിതി പുറത്തു വിട്ട പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2015 ല്‍ പാസ്സാക്കിയ ഗാര്‍ഹികത്തൊഴില്‍ നിയമപ്രകാരം പാസ്സ്‌പോര്‍ട്ട് തൊഴിലുടമ കൈവശം വെക്കുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെയാണ് ഈ കണ്ടെത്തല്‍.

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ മൂന്നു വര്‍ഷം മുന്‍പ് നടപ്പാക്കിയ ഗാര്‍ഹികത്തൊഴില്‍ നിയമത്തിനു പൊതുജനങ്ങള്‍ക്കിടയില്‍ കാര്യമായ അവബോധം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 62.2 ശതമാനം തൊഴിലുടമകള്‍ക്കും 71.51 ശതമാനം തൊഴിലാളികള്‍ക്കും പുതിയ നിയമത്തെ കുറിച്ച് അറിവിലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വേയില്‍ പങ്കെടുത്ത 91.9% തൊഴിലുടമകളും തൊഴിലാളികളുടെ പാസ്‌പ്പോര്‍ട്ട് കൈവശം വെക്കുന്ന കാര്യം സമ്മതിക്കുന്നുണ്ട്. ഗാര്‍ഹിക മേഖലയിലാണ് കുവൈത്തിലെ വിദേശ കുടിയേറ്റക്കാരില്‍ 27 ശതമാനവും ജോലി ചെയ്യുന്നത്. അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ തൊഴിലാളി പിരിഞ്ഞു പോകുമ്പോള്‍ ഓരോ വര്‍ഷവും 15 ദിവസത്തെ ശമ്പളം എന്ന തോതില്‍ സേവനാനന്തര ആനുകൂല്യം നല്‍കണമെന്നതാണ് നിയമം.

എന്നാല്‍ ഭൂരിപക്ഷം ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഇത് നിഷേധിക്കപ്പെടുന്നു. 38 ശതമാനം സ്‌പോണ്‍സര്‍മാരും തൊഴിലാളികളെ 10 മണിക്കൂറിലധികം ജോലി ചെയ്യിപ്പിക്കുന്നുവെന്നതാണ് മറ്റൊരു കണ്ടെത്തല്‍. 40 ശതമാനം തൊഴിലാളികള്‍ക്ക് മാത്രമാണ് അധിക ജോലിക്കുള്ള പ്രതിഫലം ലഭിക്കുന്നത്.

സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം അവസാനിപ്പിക്കണം. ഗാര്‍ഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിനായി ദ്വിഭാഷികളായ ഉദ്യോഗസ്ഥരെ നിയമയ്ക്കണം. വ്യാജഒളിച്ചോട്ടപരാതികള് ഇല്ലാതാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങലും മനുഷ്യാവകാശ സമിതിയുടെ പഠന റിപ്പോര്‍ട്ട് മുന്നോട്ടു വെക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.