1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഓൺലൈൻ മദ്യ വില്‍പനയ്ക്കുള്ള മൊബൈൽ ആപ്ലിക്കേഷൻ നിര്‍മ്മാണം അന്തിമഘട്ടത്തിൽ. കൊച്ചിയിലുള്ള സ്റ്റാർട്ട് അപ് കമ്പനി വികസിപ്പിച്ച ആപ്പിന് ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ അനുമതി ലഭിച്ചാലുടൻ പരീക്ഷണ അടിസ്ഥാനത്തിൽ ആപ്ലിക്കേഷൻ പ്രവർത്തിപ്പിച്ച് തുടങ്ങും.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആളുകൾക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ കേരളത്തിലെ മദ്യവിൽപ്പന ശാലകളിൽ നിന്നും ബാറുകളിൽ നിന്നും ബിയർ ആൻഡ് വൈൻ പാർലറുകളിൽ നിന്നും മദ്യം വാങ്ങാൻ സാധിക്കും.

സ്മാർട്ഫോണിന് പുറമെ സാധാരണ ഫോൺ ഉപയോഗിക്കുന്നവർക്കും പ്രയോജനപ്പെടുത്താവുന്ന രണ്ട് തരം സംവിധാനമാണ് ഓൺലൈൻ മദ്യവിൽപ്പനയ്ക്ക് ഒരുങ്ങുന്നത്. സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട്‌ലെറ്റുകളുടേയും 500 ലേറെ ബാറുകളുടേയും 225 ബിയർ പാർലറുകളുടെയും വിശദാംശങ്ങളാണ് ആപ്പിൽ ഉൾക്കൊള്ളിക്കുന്നത്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ്‌ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഡൗണ്‍ലോഡ് ചെയ്തശേഷം ആദ്യം ജില്ല തിരഞ്ഞെടുക്കണം. മദ്യം വാങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ പിൻകോഡ് നൽകിയാൽ അടുത്തുള്ള ബാറുകളുടെയും ബിവറേജസ് ഔട്ട്‌ലെറ്റുകളുടെയും പട്ടിക ലഭിക്കുകയും വേണ്ട കട തിരഞ്ഞെടുക്കുകയും ചെയ്യാം. ഓരോ ഔട്ട്‌ലെറ്റുകൾക്കും രാവിലെ മുതൽ ടൈം സ്ലോട്ടും ഉണ്ടാകും.

മദ്യം വാങ്ങാൻ താൽപ്പര്യമുള്ള സമയം തിരഞ്ഞെടുത്താൽ ആ സമയത്ത് മദ്യം ലഭ്യമാകുന്ന ഔട്ട്‌ലെറ്റുകൾ, ബാറുകൾ എന്നിവയുടെ വിശദാംശം ലഭിക്കും. ഇതിൽ ഒരു ഔട്ട്‌ലെറ്റ് തിരഞ്ഞെടുത്താൽ ക്യു ആർ കോഡ് അല്ലങ്കിൽ ടോക്കൺ നമ്പർ ലഭിക്കും. നൽകുന്ന പിൻകോഡിന്‍റെ പരിധിയിൽ ഔട്ട്‌ലെറ്റുകൾ ഇല്ലെങ്കിൽ മറ്റൊരു പിൻകോഡ് നൽകി വീണ്ടും ബുക്ക് ചെയ്യണം. അനുവദിച്ച സമയത്ത് ഔട്ട്‌ലെറ്റിൽ എത്താനായില്ലെങ്കിലും വീണ്ടും ബുക്ക് ചെയ്യേണ്ടിവരും.

സാധാരണ മൊബൈൽ ഉപയോഗിക്കുന്നവർക്ക് എസ്എംഎസ് അയച്ച് മദ്യം വാങ്ങുന്നതിനുള്ള ടോക്കൺ സ്വന്തമാക്കാം. പിൻകോഡ് അടക്കമുള്ള വിശദംശങ്ങൾ നൽകിയിരിക്കുന്ന ഫോൺ നമ്പരിലേക്ക് എസ്എംഎസ് ആയി അയച്ചാൽ ടോക്കൺ ഉപയോക്താവിന്റെ ഫോണിലേക്കും എസ്എംഎസ് ആയി ലഭിക്കും.

മദ്യം പാഴ്സലായി വാങ്ങിക്കാനുളള വെർച്വൽ ക്യൂവിന്റെ ആപ് റെഡിയായിട്ടുണ്ട്. കൊച്ചിയിലെ ഫെയർകോഡ് എന്ന സ്റ്റാർട്ട് അപ് സ്ഥാപനമാണ് ആപ് നിർമ്മിച്ചത്. 21 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് ഓൺലൈൻ വഴി മദ്യം ബുക്ക് ചെയ്യാനാകുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.