1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2018

സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനില്‍ അശോക് ഗെലോട്ടും മുഖ്യമന്ത്രി പദത്തിലേക്ക്; തീരുമാനം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം. മധ്യപ്രദേശില്‍ സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥിനെയും രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും മുഖ്യമന്ത്രിമാരാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തീരുമാനിച്ചു. ജ്യോതിരാദിത്യ സിന്ധ്യയെയും സച്ചിന്‍ പൈലറ്റിനെയും ദേശീയരാഷ്ട്രീയത്തില്‍ത്തന്നെ നിലനിര്‍ത്താനും തീരുമാനമായി.

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ പ്രായത്തിനു മുന്‍തൂക്കം നല്‍കാനായിരുന്നു ഒടുവില്‍ എ.ഐ.സി.സി. തീരുമാനം. കമല്‍നാഥിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച നടക്കും. ഡല്‍ഹിയിലെ തുഗ്ലക് ലൈനിലുള്ള കോണ്‍ഗ്രസ് അധ്യക്ഷന്റെ വീട്ടില്‍ രാവിലെ മുതല്‍ രാത്രിവരെ നടന്ന മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനമുണ്ടായത്. മധ്യപ്രദേശില്‍ നിന്നു കമല്‍ നാഥും സിന്ധ്യയും രാജസ്ഥാനില്‍ നിന്ന് ഗഹ്‌ലോതും പൈലറ്റും ചര്‍ച്ചയ്‌ക്കെത്തിയിരുന്നു.

യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവരും രാഹുലിന്റെ വീട്ടിലെത്തി നാലുപേരുമായും ചര്‍ച്ച നടത്തി. ഇരുസംസ്ഥാനങ്ങളിലും എ.ഐ.സി.സി. നിരീക്ഷകരായി നിയമിച്ച എ.കെ. ആന്റണി, കെ.സി. വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. വൈകീട്ട് നാലുമണിയോടെ കമല്‍ നാഥിനും ഗെലോട്ടിനും മുഖ്യമന്ത്രിപദം നല്‍കാന്‍ രാഹുല്‍ തീരുമാനിച്ചെങ്കിലും സിന്ധ്യയും പൈലറ്റും കടുത്ത എതിര്‍പ്പുയര്‍ത്തി.

അതിനിടെ ഇരുസംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതും ആശങ്കയുണര്‍ത്തി. രാഹുലിന്റെ വീടിനുമുന്നിലും സിന്ധ്യയുടെയും പൈലറ്റിന്റെയും അണികള്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. രാജസ്ഥാനിലെ കരൗലിയില്‍ പൈലറ്റിന്റെ അനുയായികള്‍ റോഡ് ഉപരോധിക്കുകയും കോലം കത്തിക്കുകയും ചെയ്തു. ഗഹ്‌ലോതിന്റെയും കമല്‍നാഥിന്റെയും വീടിനുമുന്നില്‍ കനത്ത സുരക്ഷയേര്‍പ്പെടുത്തി. എട്ടുമണിവരെ ചര്‍ച്ച നീണ്ടു.

മധ്യപ്രദേശിലും രാജസ്ഥാനിലും ആശങ്കകള്‍ അവസാനിച്ചെങ്കിലും ചത്തീസ്ഗഢില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വെള്ളിയാഴ്ചയാണ്. പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ ഭൂപേഷ് ഭാഗേല്‍, പ്രതിപക്ഷനേതാവ് ടി.എസ്. സിങ്‌ദേവ്, ലോക്‌സഭാംഗവും എ.ഐ.സി.സി.യുടെ ഒ.ബി.സി. സെല്‍ അധ്യക്ഷനുമായ താമരധ്വജ് സാഹു എന്നിവരാണു മുഖ്യമന്ത്രി പദത്തിനുവേണ്ടി രംഗത്തുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.