1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2015

സ്വന്തം ലേഖകന്‍: മധ്യപ്രദേശ് ഹൈകോടതി ജഡ്ജി എസ്‌കെ ഗാംഗലെ ഉള്‍പ്പെട്ട ലൈംഗിക പീഡനക്കേസ് അന്വേഷിക്കാന്‍ രാജ്യസഭാ സമിതി. സുപ്രീംകോടതി ജഡ്ജി വിക്രംജിത് സെന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയില്‍ മലയാളിയായ സുപ്രീംകോടതി അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍, കൊല്‍ക്കത്ത ഹൈകോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ എന്നിവരുമുണ്ട്.

ജഡ്ജിയെ പാര്‍ലമെന്റ് കുറ്റവിചാരണ ചെയ്യാന്‍ ആവശ്യപ്പെടുന്ന പ്രമേയത്തിന് രാജ്യസഭ അനുമതി നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് രാജ്യസഭാ അദ്ധ്യക്ഷനായ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി സമിതിയെ നിയോഗിച്ചത്. കുറ്റാരോപിതരായ സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരെ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അധികാരമുപയോഗിച്ച് പദവിയില്‍നിന്ന് പുറത്താക്കാന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്.

ജഡ്ജിക്കെതിരായ പരാതിയില്‍ സത്യമുണ്ടോയെന്ന് സമിതി വിശദമായി പരിശോധിക്കും. തുടര്‍ന്ന് സമിതി റിപ്പോര്‍ട്ട് രാജ്യസഭാ ചെയര്‍മാന് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇംപീച്‌മെന്റ് ആവശ്യമുണ്ടോയെന്ന് രാജ്യസഭാ അധ്യക്ഷന്‍ തീരുമാനിക്കുക. രാജ്യസഭക്കുള്ളില്‍ കയറാന്‍ അനുമതിയില്ലാത്തതിനാല്‍ ജഡ്ജിക്കായി രാജ്യസഭക്കു പുറത്ത് അംഗങ്ങളെ കാണുന്നതരത്തില്‍ പ്രതിക്കൂട് ഒരുക്കും.

സമിതി അംഗങ്ങള്‍ ജഡ്ജിയെ ചോദ്യം ചെയ്തതിനു ശേഷം പ്രമേയം വോട്ടിനിടും. രാജ്യസഭ പാസാക്കുന്ന പ്രമേയം പിന്നീട് ലോക്‌സഭയും പാസാക്കണം.

കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ഗ്വാളിയോറിലെ വനിതാ ജഡ്ജി രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാജ്യസഭാംഗങ്ങള്‍ ഗാംഗലെക്കെതിരെ കുറ്റവിചാരണ ആവശ്യപ്പെട്ട് രാജ്യസഭാധ്യക്ഷനെ സമീപിച്ചത്. ജസ്റ്റിസ് ഗാംഗലെയുടെ ലൈംഗിക പീഡന ശ്രമങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ തന്നെ സിദ്ധിയിലേക്കു സ്ഥലംമാറ്റിയെന്നായിരുന്നു വനിതാ ജഡ്ജിയുടെ പരാതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.