1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2019

സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ പ്രതീക്ഷിക്കുന്നത് അടിമുടി മാറ്റങ്ങള്‍. മോദിക്ക് പിന്നില്‍ രണ്ടാമനായി അമിത് ഷാ കേന്ദ്രമന്ത്രിസഭയില്‍ വന്നേക്കും. മിന്നും ഭൂരിപക്ഷവുമായി ബി.ജെ.പി അധികാരം നിലനിര്‍ത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുല്യമായ റോള്‍ ഉണ്ട് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്ക്. ഇതാദ്യമായി തെരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലെത്തുന്ന അമിത് ഷാക്ക് സര്‍ക്കാരിലും നിര്‍ണായക റോള്‍ ഉണ്ടാകും. ഗാന്ധിനഗറില്‍ നിന്ന് അഞ്ചു ലക്ഷത്തിലേറെ വോട്ടിനാണ് അമിത് ഷായുടെ വിജയം.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ വലംകൈയായി ആഭ്യന്തര വകുപ്പ് കൈയ്യാളിയിരുന്ന അമിത് ഷാക്ക് കേന്ദ്രത്തിലും അതേ വകുപ്പ് തന്നെ കിട്ടിയേക്കും. നിലവില്‍ ആഭ്യന്തര മന്ത്രിയായ രാജ്‌നാഥ് സിങ് പ്രതിരോധ വകുപ്പിലേക്ക് മാറിയേക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രിയായി തുടരുമോയെന്ന് സംശയമാണ്. പകരക്കാരനെ തേടുകയാണെങ്കില്‍ പീയൂഷ് ഗോയലിന് നറുക്ക് വീഴും.

ആരോഗ്യകാരണങ്ങളാല്‍ സുഷ്മ സ്വരാജ് ലോക്‌സഭയിലേക്ക് മത്സരിച്ചില്ലെങ്കിലും വിദേശകാര്യ വകുപ്പിലെ മികച്ച പ്രകടനം കാരണം അവരെ മന്ത്രിസഭയില്‍ നിലനിര്‍ത്തിയേക്കും. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ച സ്മൃതി ഇറാനിക്ക് സുപ്രധാന വകുപ്പ് ലഭിച്ചേക്കും. ജനതാദള്‍ യുണൈറ്റഡ്, രാംവിലാസ് പാസ്വാന്റെ ലോക്ജന ശക്തിപാര്‍ട്ടി, ശിവസേന തുടങ്ങി സഖ്യകക്ഷികള്‍ക്കും പ്രധാന വകുപ്പുകള്‍ തന്നെ നല്‍കുമെന്നാണ് സൂചന.

ഈ മാസം 30ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന. ലോക്‌സഭ പിരിച്ചുവിടാനുള്ള പ്രമേയം ഇന്ന് വൈകീട്ട് ചേരുന്ന മന്ത്രിസഭാ യോഗം പാസാക്കും. ബി.ജെ.പിയും എന്‍.ഡി.എയും വന്‍ വിജയം നേടിയതോടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുള്ള ആലോചനയിലാണ് എന്‍.ഡി.എ ക്യാമ്പ്. വോട്ടെണ്ണിക്കഴിഞ്ഞ ശേഷമുള്ള അന്തിമ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. അതിന് ശേഷമായിരിക്കും സര്‍ക്കാരുണ്ടാക്കാന്‍ രാഷ്ട്രപതി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ ക്ഷണിക്കുക.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.