1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2019

സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് വിമാനക്കമ്പനികള്‍; കണ്ണൂര്‍, തിരുവനന്തപുരം ഇന്‍ഡിഗോ സര്‍വീസ് മാര്‍ച്ച് 31 മുതല്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികള്‍ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി. കേരളത്തിലെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനി സിഇഒമാരുമായി മുഖ്യമന്ത്രി നടത്തിയ യോഗത്തിലാണ് ഉറപ്പ് ലഭിച്ചത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് മറ്റു വിമാനത്താവളങ്ങളിലേക്കാള്‍ അമിതനിരക്ക് ഈടാക്കുന്നത് കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പുതുതായി ആരംഭിച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളായ ദുബായ്, ഷാര്‍ജ, അബുദാബി, മസ്‌ക്കറ്റ്, ദോഹ, ബഹ്‌റൈന്‍, റിയാദ്, കുവൈത്ത്, ജിദ്ദ തുടങ്ങിയ മേഖലകളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആവശ്യമാണ്.

കൂടാതെ, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളായ സിംഗപൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്ക് വര്‍ധിച്ച ആവശ്യമുണ്ട്. നിലവില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസാണ് നാലു അന്താരാഷ്ട്ര സര്‍വീസുകള്‍ കണ്ണൂരില്‍ നിന്ന് നടത്തുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. കണ്ണൂരില്‍ നിന്ന് വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വീസിനുള്ള അനുമതി നല്‍കിയിട്ടില്ല. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് ഇതാവശ്യമാണ്. കണ്ണൂരില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിനുള്ള നികുതി നേരത്തെതന്നെ ഒരു ശതമാനമായി കുറച്ചിരുന്നതായും പിണറായി വ്യക്തമാക്കി. ഉദ്ഘാടനം ചെയ്തശേഷമുള്ള ആദ്യമാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഏതാണ്ട് ഒരുപോലെയാണ്. രാജ്യത്തെ മറ്റു പ്രമുഖ നഗരങ്ങളുമായും കണ്ണൂരില്‍ നിന്നുള്ള വ്യോമബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ട്.

ഡല്‍ഹിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സര്‍വീസുകള്‍ ഇതില്‍ പ്രധാനമാണ്. മറ്റു വിമാനത്താവളങ്ങളിലും കൂടുതല്‍ സര്‍വീസുകള്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ശബരിമല വിമാനത്താവളത്തിനുള്ള സാധ്യതാപഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണനയിലാണ്. കാസര്‍കോട്ടെ ബേക്കല്‍, ഇടുക്കി, വയനാട് എന്നിവിടങ്ങളില്‍ എയര്‍സ്ട്രിപ്പ് ആരംഭിക്കുന്നതും സര്‍ക്കാര്‍ പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു.
എയര്‍ ഇന്ത്യയുടെ കണ്ണൂരില്‍ നിന്നുള്ള അമിത നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി എയര്‍ ഇന്ത്യ സി.എം.ഡി പി.എസ്. ഖരോള മുഖ്യമന്ത്രിയെ അറിയിച്ചു.

വടക്കേ ഇന്ത്യയിലെ പ്രമുഖ വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ വേനല്‍ക്കാല ഷെഡ്യൂളില്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍സ് കണ്ണൂരില്‍ നിന്ന് ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഗോവ എന്നിവിടങ്ങളിലേക്ക് ജനുവരി 25ന് സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് മാര്‍ച്ച് 31 ന് ആരംഭിക്കും.

ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് മാര്‍ച്ചിലും രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ട്. കണ്ണൂരില്‍നിന്ന് ബംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും മസ്‌ക്കറ്റിലേക്കും സര്‍വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ അധികൃതര്‍ അറിയിച്ചു. സ്‌പൈസ് ജെറ്റ് അധികൃതര്‍ കണ്ണൂരില്‍നിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്നും വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.