1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2017

സ്വന്തം ലേഖകന്‍: അല്‍ജസീറ ചാനലിനു നേരെ വാളെടുത്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ചാനല്‍ അടച്ചു പൂട്ടുമെന്ന് ഭീഷണി. ജറുസലേം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ വിരുദ്ധ വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരിലാണ് നെതന്യാഹുവിന്റെ ഭീഷണി. പ്രദേശത്തെ ജനങ്ങളെ അക്രമാസക്തരാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഖത്തര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അല്‍ജസീറ നല്‍കുന്നു എന്നും നെതന്യാഹു ആരോപിക്കുന്നു.

അല്‍ അഖ്‌സയില്‍ പ്രവേശനം നിഷേധിച്ചുകൊണ്ട് സുരക്ഷ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചതിനെതിരെ പലസ്തീനികള്‍ രംഗത്തുവന്നിരുന്നു. ഇക്കാര്യങ്ങള്‍ അല്‍ജസീറയുള്‍പ്പെടെയുള്ള ചാനലുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചാനലിനെ ഭീഷണിപ്പെടുത്തി നെതന്യാഹു രംഗത്തുവന്നിരിക്കുന്നത്. ‘അല്‍ജസീറ നെറ്റ്‌വര്‍ക്ക് അല്‍അഖ്‌സ പ്രദേശത്ത് സംഘര്‍ഷം ആളിക്കത്തിക്കുന്നത് തുടരുകയാണ്.,’ നെതന്യാഹു തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരോപിക്കുന്നു.

‘ജറുസലേമിലെ അല്‍ജസീറ ഓഫീസുകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഞാന്‍ നിരവധി തവണ ലോ എന്‍ഫോഴ്‌സ്‌മെന്റ് അതോറിറ്റികളോട് സംസാരിച്ചിരുന്നു. നിയമപരമായ കുടുക്കുകള്‍ കൊണ്ടാണ് ഇതു നടക്കാത്തതെങ്കില്‍ അല്‍ജസീറയെ ഇസ്രായേലില്‍ നിന്ന് പുറത്താക്കാന്‍ ആവശ്യമായ നിയമം ഞാന്‍ കൊണ്ടുവരും.,’ നെതന്യാഹു പറഞ്ഞു. സംഭവത്തില്‍ അല്‍ജസീറ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ അല്‍ അഖ്‌സയില്‍ ഫലസ്തീനികള്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നത് വിലക്കിക്കൊണ്ടുള്ള ഇസ്രായേല്‍ നടപടിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.