1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2016

സ്വന്തം ലേഖകന്‍: അഫ്ഗാന്‍ താലിബാന് പുതിയ നേതാവ്, മുന്‍ നേതാവ് മുല്ല മന്‍സൂര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുല്ലാ അക്തര്‍ മന്‍സൂറിനു പകരമാണ് അഫ്ഗാന്‍ താലിബാന്റെ പുതിയ നേതാവായി മുല്ലാ ഹൈബത്തുള്ള അഖുന്‍ഡ്‌സാദയെ തെരഞ്ഞെടുത്തത്. സിറാജുദ്ദീന്‍ ഹഖാനി, മുല്ലാ യാക്കൂബ് എന്നിവരാണ് ഉപനേതാക്കള്‍. താലിബാന്റെ മുന്‍ നേതാവ് മുല്ലാ ഉമറിന്റെ പുത്രനാണ് മുല്ലാ യാക്കൂബ്.

പാക്കിസ്ഥാനില്‍ നടന്ന താലിബാന്‍ നേതാക്കളുടെ യോഗമാണ് ഹൈബത്തുള്ളയെ നേതാവായി തെരഞ്ഞെടുത്തത്. മുല്ലാ മന്‍സൂര്‍ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ കൊല്ലപ്പെട്ട വിവരം അഫ്ഗാന്‍ താലിബാന്‍ സ്ഥിരീകരിച്ചു.

താലിബാന്റെ ശക്തികേന്ദ്രമായ കാണ്ഡഹാറിലെ നൂര്‍സയി ഗോത്രക്കാരനായ ഹൈബത്തുള്ള അഖുന്‍ഡ്‌സാദ നേരത്തെ താലിബാന്‍ ചീഫ് ജസ്റ്റീസായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമജ്ഞനും പക്വമതിയുമായ 60കാരനായ പുതിയ നേതാവിനു താലിബാനിലെ വിവിധ വിഭാഗങ്ങളെ ഒന്നിപ്പിക്കാന്‍ കഴിയുമെന്നു കരുതപ്പെടുന്നു. സിറാജുദ്ദീന്‍ ഹഖാനിയെ ഒഴിവാക്കി മുല്ല ഹൈബത്തുള്ളയെ തെരഞ്ഞെടുത്തതിന്റെ പ്രധാനകാരണം ഇതാണെന്നാണു സൂചന.

മന്‍സൂറിനെ വധിച്ച വിദേശ സര്‍ക്കാരിനും അഫ്ഗാനിസ്ഥാനുമെതിരേ ശക്തമായ പ്രതികാര നടപടികള്‍ എടുക്കുമെന്ന് ഹൈബത്തുള്ള പറഞ്ഞതായി ഒരു താലിബാന്‍കേന്ദ്രം വെളിപ്പെടുത്തി. അഫ്ഗാന്‍ സര്‍ക്കാരുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്നു മുന്‍ നേതാവ് മന്‍സൂര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ പുതിയ നേതാവിന്റെ നിലപാട് അറിവായിട്ടില്ല.

സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മുല്ലാ ഹൈബത്തുള്ള അഖുന്‍ഡ്‌സാദയെ അഫ്ഗാന്‍ ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുള്ള അബ്ദുള്ള ക്ഷണിച്ചു. ചര്‍ച്ച ബഹിഷ്‌കരിക്കുന്നതു ഗുരുതര പ്രത്യാഘാതത്തിനിടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.