1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2019

സ്വന്തം ലേഖകന്‍: ‘ലോകമെമ്പാടുമുള്ള മുസ്ലീം സുഹൃത്തുക്കളേ, നിങ്ങളെ ഞങ്ങള്‍ തൊട്ടറിയുന്നു, സ്‌നേഹിക്കുന്നു,’ കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം വായിക്കാം.

മിസ്റ്റര്‍ സ്പീക്കര്‍ ,

കൂട്ടവെടിപ്പിനുശേഷമുള്ള ദിവസങ്ങളിലൂടെ കടന്നുപോകുന്ന നെതര്‍ലാന്റ്‌സിലെയും അട്രച്ചിലെയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ട് നമ്മള്‍. അവിടെ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പരുക്കേറ്റവരുമുണ്ടെന്ന് നമുക്കറിയാം. തീവ്രവാദ ആക്രമണമായി കണ്ട് പൊലീസ് കാര്യങ്ങള്‍ പരിശോധിക്കുകയാണ്. ഈ ഹിംസയുടെ പ്രത്യാഘാതങ്ങള്‍ നേരിടുന്ന നമ്മുടെ ഡച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു. ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും ഉറപ്പു നല്‍കുന്നു. ഒരുമാസം മുമ്പ് പ്രധാനമന്ത്രി റുട്ടെ ഈ സഭയെ അഭിസംബോധന ചെയ്തു. നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടുതന്നെ നെതര്‍ലാന്റ്‌സിന്റെ ഈ പ്രതിസന്ധി ഘട്ടത്തില്‍ കാനഡ അവര്‍ക്കൊപ്പമുണ്ടാകും.

മിസ്റ്റര്‍ സ്പീക്കര്‍, ന്യൂസീലന്‍ഡില്‍ പ്രയാസമനുഭവിക്കുന്ന മുഴുവന്‍ മനുഷ്യരോടുമുള്ള കാനഡയുടെ അഗാധമായ അനുശോചനം അറിയിക്കാന്‍ വേണ്ടിയാണ് ഞാനിന്നിവിടെ എഴുന്നേറ്റ് നില്‍ക്കുന്നത്. കുറച്ചുദിവസങ്ങള്‍ക്കു മുമ്പാണ് നമ്മുടെ സുഹൃദ് രാജ്യം, അവരുടെ ചരിത്രത്തിലെ ഏറ്റവും ഹീനമായഭീകരാക്രമണത്തിന് ഇരയായത്. ആക്രമണത്തിന്റെ പ്രചോദനം ഇസ്ലാമോഫോബിയ ആയിരുന്നു. പ്രാര്‍ത്ഥനയില്‍ മുഴുകിയ സ്ത്രീകളും കുട്ടികളും പുരുഷന്മാരുമുള്‍പ്പെടെ അമ്പത് പേര്‍ അവിടെ കൊല്ലപ്പെട്ടു. നിരവധിയാളുകള്‍ക്ക് പരുക്കേറ്റു. ഭീകരനും ഭീരുവുമായ ഒരുവനാണ് വെടിവെച്ചുവീഴ്ത്തിയത്.

പ്രധാനമന്ത്രി ആര്‍ഡേണിനെ വിളിച്ച് ഞാന്‍ കാനഡയുടെ പിന്തുണയും അനുകമ്പയും അറിയിച്ചിരുന്നു. ഒപ്പം ദുരന്ത മുഖത്ത് അവര്‍ കാണിക്കുന്ന സഹാനുഭൂതി നിറഞ്ഞ നേതൃ പാടവത്തെ അഭിനന്ദിക്കുകയും ചെയ്തു. തങ്ങളുടെ ഉറ്റവരോടും ഉടയവരോടും ഒന്ന് യാത്ര പറയാന്‍ പോലും ഇട കിട്ടാതെ വേദനിക്കുന്ന മാതാപിതാകളെയും സഹോദരീ സഹോദരന്മാരെയും സുഹൃത്തുക്കളെയും ഓര്‍ത്ത് നമ്മുടെ ഹൃദയം വിങ്ങുകയാണ്. വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച വിദ്വേഷത്താല്‍ നയിക്കപ്പെട്ട ഒരു വ്യക്തിയാണ് അവരുടെ ജീവനെടുത്തത്.

മിസ്റ്റര്‍ സ്പീക്കര്‍, പത്ത് ലക്ഷത്തിലേറെ മുസ്ലീങ്ങള്‍ കാനഡയിലുണ്ട്. അവര്‍ ഈ സ്വതന്ത്ര, മതേതര ജനാധിപത്യ അന്തരീക്ഷത്തില്‍ ജീവിക്കുകയാണ്. ഈ സ്വാതന്ത്ര്യം നിലനിര്‍ത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ആക്രമിക്കപ്പെടുമെന്ന ഭീതിയില്ലാതെ അവര്‍ക്ക് അവരുടെ ആചാരവിശ്വാസങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയണം. കാനഡയിലും ന്യൂസിലന്‍ഡിലും ലോകത്തുടനീളവുവുമുള്ള ഞങ്ങളുടെ മുസ്ലിം സുഹൃത്തുക്കളെ, നിങ്ങളുടെ വേദന ഞങ്ങള്‍ തൊട്ടറിയുന്നുണ്ട്. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നുണ്ട്. നിങ്ങളുടെ പ്രതിസന്ധി ഘട്ടത്തിലും തുടര്‍ന്നുള്ള ദിവസങ്ങളിലും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും.

ഖുര്‍ആന്‍ നമ്മളോട് പറയുന്നു: ‘കരുണാമയനായ ദൈവത്തിന്റെ യഥാര്‍ഥ ദാസന്മാര്‍ ഭൂമിയില്‍ വിനീതരായി കഴിയുന്നവരാണ്. തര്‍ക്കിക്കാന്‍ വരുന്ന അവിവേകികളോട് അവര്‍ സമാധാനത്തിന്റെ വാക്കുകളില്‍ മറുപടി പറയും.’ ഒരുപക്ഷെ മത്തായിയുടെ സുവിശേഷത്തിലും ഈ ആശയം കേട്ടിട്ടുള്ളത് കൊണ്ടായിരിക്കാം നിങ്ങള്‍ക്കിത് പരിചിതമായി തോന്നുന്നത്. പ്രതികാരവും തിരിച്ചടിയും വേണ്ടെന്നാണ് മത്തായിയുടെ സുവിശേഷം പറയുന്നത്. മറ്റേ കവിളും കൂടി കാണിച്ചു കൊടുക്കുന്നതിനെ കുറിച്ചാണ് അവിടെ സംസാരിക്കുന്നത്. നമ്മള്‍ അല്പം ശ്രദ്ധയോടെ പരിശോധിക്കുകയാണെങ്കില്‍ നമ്മളെ ഭിന്നിപ്പിക്കുന്നതിനേക്കാള്‍ അപ്പുറം നമ്മളെ ചേര്‍ത്ത് നിര്‍ത്താന്‍ ശേഷിയുള്ള പാഠങ്ങള്‍ നമുക്ക് നമ്മുടെ വിശ്വാസങ്ങളില്‍ നിന്ന് കണ്ടെത്താന്‍ സാധിക്കും.

രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യുബക് നഗരത്തിലെ സ്റ്റെഫോയിലും ഇതുപോലെ ആറു നിരപരാധികളുടെ മരണത്തിനു ഞാന്‍ സാക്ഷിയായിട്ടുണ്ട്. ക്രൈസ്റ്റ് ചര്‍ച്ചിലെ ഇരകളെ പോലെ തന്നെ അന്നും പിതാക്കളേയും സഹോദരന്മാരേയും മക്കളേയുമൊക്കെ നിസ്‌കാരത്തിനിടയില്‍ വെടിയേറ്റു വീഴ്ത്തുകയായിരുന്നു. ആ കുടുംബങ്ങളുടെ ദുഖത്തില്‍ ഞാന്‍ പങ്ക് ചേരുകയുണ്ടായി. ഇത്തരമൊരു വിദ്വേഷം അവരുടെ സമുദായത്തിന് നേരിടേണ്ടിവരുമെന്ന് അവര്‍ക്ക് വിശ്വസിക്കാനേ കഴിഞ്ഞിരുന്നില്ല.

മിസ്റ്റര്‍ സ്പീക്കര്‍, സ്റ്റെഫോയിലും ക്രൈസ്റ്റ് ചര്‍ച്ചിലും ഉണ്ടായത് പോലുള്ള ദുരന്തങ്ങള്‍ മുമ്പും പലതവണ നമ്മള്‍ കണ്ടിട്ടുണ്ട്. നിരപരാധികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രാഷ്ട്രങ്ങള്‍ അരാജകത്വവും കലാപങ്ങളും എതിരിട്ടതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മുമ്പും തലക്കെട്ടുകളായിട്ടുണ്ട്. കൂട്ട വെടിവെപ്പുകള്‍, വിശ്വാസത്തിന്റെ പേരിലുള്ള അരും കൊലകള്‍, ഭീകരാക്രമണങ്ങള്‍. അങ്ങിനെ പലതും.

ഇതില്‍ ലോക നേതാക്കള്‍ക്ക് കൂടി ഉത്തരവാദിത്തമുണ്ടെന്നത് ലജ്ജാകരവും ദുഖകരവുമാണ്. മറ്റുള്ളവരിലേക്ക് വിരല്‍ ചൂണ്ടി അധിക കാലം നഅതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കാരണം പ്രകടമായി രോഷം പ്രദര്‍ശിപ്പിക്കുന്ന നേതാക്കള്‍ക്കാണ് ഏറ്റവുമധികം കേള്‍വിക്കാരെ ലഭിക്കുന്നത്.

വിഷലിപ്തമായ പ്രസംഗങ്ങള്‍ മുഖ്യധാരയിലേക്ക് ഇടിച്ചു കയറിയിരിക്കുന്നു. അത് ചിലപ്പോള്‍ സെമിറ്റിക് വിരുദ്ധമാകാം, ഇസ്ലാമോഫോബിക് ആകാം. . അല്ലെങ്കില്‍ കറുത്തവര്‍ക്കെതിരെയുള്ളതോ പാരമ്പര്യ വിരുദ്ധമോ സ്ത്രീ വിരുദ്ധമോ ഹോമോഫോബിക്കോ ഒക്കെ ആകാം. ആ നിര നീളുകയാണ്.

ഇത്തരം പ്രസംഗങ്ങള്‍ അത്യന്തം അപകടകരവും ഹീനവും വെറുപ്പുളവാക്കുന്നതുമാണ്. ഓണ്‍ ലൈന്‍ ലോകത്ത് ജീവിച്ചു പഴുത്ത് വ്രണമാവുന്ന ഇവ പിന്നീട് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വസ്തുതകളുടെ ലോകത്തേക്ക് കടന്നിറങ്ങുകയാണ് ചെയ്യുന്നത്. നമുക്കത് കാനഡയിലും കാണാം. ഓണ്‍ലൈന്‍ അധിക്ഷേപങ്ങളായും അജ്ഞാത കത്തുകളായും, ആരാധനനാലയങ്ങള്‍ കളങ്കപ്പെടുത്തലായും, അക്രമങ്ങളായും കൊലപാതകമായുമൊക്കെ… വിദ്വേഷത്തെ പൂര്‍ണമായി തള്ളിക്കളയാന്‍ നമ്മള്‍ പരാജയപ്പെടുമ്പോള്‍ അക്രമത്തെ നീതീകരിക്കുന്ന ആ ആളുകളെ നമ്മള്‍ ശക്തിപ്പെടുത്തുകയാണ്.

മിസ്റ്റര്‍ സ്പീക്കര്‍ ഇക്കാലങ്ങളില്‍ ലോകത്തുടനീളം മുസ്ലീങ്ങള്‍ക്കെതിരെയുള്ള ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് കാണുന്നത്. അതുകൊണ്ട് തന്നെ അനേകം കുടുംബങ്ങള്‍ അഭയം തേടി കാനഡ, യു.എസ് തുടങ്ങിയ ജനാധിപത്യ രാജ്യങ്ങളിലേക്ക് പലായനം ചെയ്‌തെത്തുന്നു. അവരുടെ പുതിയ വീടുകളിലെങ്കിലും സുരക്ഷിതത്വം ലഭിക്കണേ എന്നാണവര്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ വെട്ടയാടപ്പെടാത്ത ഒരിടത്ത് തങ്ങളുടെ മക്കള്‍ക്കെങ്കിലും കഴിയാമല്ലോയെന്നാണവര്‍ പ്രത്യാശിക്കുന്നത്.

പക്ഷെ ദുഖകരമെന്ന് പറയട്ടെ മിസ്റ്റര്‍ സ്പീക്കര്‍. സ്വന്തം നാടുകളിലെ സംഘര്‍ഷങ്ങളില്‍ നിന്ന് രക്ഷ തേടി പുതിയ തീരങ്ങളിലെത്തുന്ന ഇവര്‍ക്ക് പുതിയ രീതിയിലുള്ള മറ്റ് അതിക്രമങ്ങളെയാണ് നേരിടേണ്ടി വരുന്നത്. കുടിയേറ്റ വിരുദ്ധ വിദ്വേഷം, വലതുപക്ഷ തീവ്രവാദം, വെള്ള ദേശീയത, നിയോ നാസി ഭീകരത തുടങ്ങിയ രീതികളില്‍.

ഈ ഗ്രൂപ്പുകള്‍ കാനഡയിലും സജീവമാണ്. ലൗറിയറിന്റെ, ഡീഫന്‍ബെക്കറിന്റെ, എന്റെ പിതാവിന്റെ നേതതൃത്വത്തില്‍ ഭരിക്കപ്പെട്ട ഇതേ കനഡയില്‍. ന്യൂനപക്ഷ അവകാശങ്ങള്‍ കാലങ്ങളായി സംരക്ഷിക്കുന്ന, നാനാത്വത്തെ ശക്തിയായി കാണുന്ന ഇതേ കാനഡയില്‍. നവാഗതരെ രാജ്യത്തെ വലിയൊരു വിഭാഗം ഇരു കയ്യും നീട്ടി സ്വീകരിക്കുമ്പോഴും – മറ്റൊരു ചെറിയൊരു വിദ്വേഷ പ്രചാരകര്‍ അതിനെ ബലഹീനതയെന്ന് പ്രചരിപ്പിക്കുന്നു. വിരോധാഭാസം എന്താണെന്ന് വെച്ചാല്‍, ഇത്തരക്കാര്‍ ഐസിസ് , അല്‍ ഖായിദ, ബോക്കോ ഹറാം തുടങ്ങിയവരെ എതിര്‍ക്കുന്നു എന്നാണവകാശപ്പെടുന്നത്. അതെ സമയം തന്നെ കടുത്ത വിദ്വേഷം പുറന്തള്ളുകയും അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും നിരപരാധികളെ കൊല്ലുകയും ചെയ്യുന്ന കാര്യത്തില്‍ അതേനയം പിന്തുടരുകയും ചെയ്യുന്നു. വിദ്വേഷത്തിന്റെ കാര്യത്തില്‍ ആ ഗ്രൂപ്പുകളെക്കാള്‍ ഒട്ടും പുറകിലല്ല ഇവരും.

ആളുകള്‍ മരിക്കുകയല്ല. അവരെ കൊല്ലുകയാണ്. മാതാപിതാക്കള്‍ അവരുടെ കുടുംബങ്ങളില്‍ നിന്ന് പറിച്ചെടുക്കപ്പെടുകയാണ്. പള്ളികളിലും അമ്പലങ്ങളിലും ചര്‍ച്ചുകളിലും സ്‌കൂളുകളിലുമെല്ലാം നിഷ്‌ക്കളങ്കരായ കുട്ടികളെ ഇമവെട്ടുന്ന നേരം കൊണ്ട് വെടിവെച്ച് വീഴ്ത്തുകയാണ്. ഈ ആളുകളെല്ലാം കൊല്ലപ്പെടുന്നത് ഏറ്റവും നിസ്സഹായവസ്ഥയില്‍ കരുതലില്ലാതെ ഇരിക്കുമ്പോഴാണ്. കാനഡയിലും ലോകത്ത് എല്ലായിടത്തും ഇങ്ങനെ തന്നെയാണ്.

പിന്നീട് വരുന്ന പ്രതികരണങ്ങള്‍ പഴയതിന്റെ ആവര്‍ത്തനമാവും. ടിവി ചാനലുകളില്‍ ഹെഡ്‌ലൈനുകള്‍ വരുമ്പോള്‍ നമ്മള്‍ ഭയചകിതരാവും. തങ്ങളുടെ മക്കള്‍ക്ക് ഒന്നും സംഭവിച്ചില്ലല്ലോ എന്ന് ദൈവത്തിന് നന്ദി പറഞ്ഞ് മാതാപിതാക്കള്‍ അവരുടെ മക്കളെ ഒന്നുകൂടി മുറുക്കി ചേര്‍ത്ത് പിടിക്കും.

രാഷ്ട്രീയക്കാര്‍ ആശ്വാസവാക്കുകള്‍ പറയുന്നതിനായി വരി നില്‍ക്കും. എന്നിട്ട് നല്ല കാര്യങ്ങള്‍ പറയുകയും ഇത്തരം വിദ്വേഷങ്ങള്‍ ഇനി വളരാന്‍ അനുവദിക്കുകയില്ലെന്നും പറയും. എന്നിട്ട് തീയും പുകയും അടങ്ങിയാല്‍ വീണ്ടും പഴയ വഴി തിരിയും. കുറച്ചുകൂടി വോട്ടുകള്‍ എങ്ങനെ കൈക്കലാക്കാന്‍ പറ്റും എന്നതിനായി കുറച്ച് കൂടി രാഷ്ട്രീയക്കളികളിലേക്ക് നീങ്ങും. നമ്മുടെ ഭാഗം കളിക്കുന്നതിന് മറ്റുള്ളവരെ ബലിയാടുകളാക്കും. പിന്നെ ഞൊടിയിട കൊണ്ട് ഈ പൈശാചികതയ്ക്ക് സാധുത നല്‍കും.

മിസ്റ്റര്‍ സ്പീക്കര്‍. ഈ വിദ്വേഷത്തെയും അതിനെ തള്ളിപ്പറയാനുള്ള വിമുഖതയെയും വെളിച്ചത്ത് കൊണ്ടുവരാനാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. നേതാക്കളെന്ന നിലയില്‍, അധികാരവും കേള്‍ക്കാന്‍ ആളുകളുമുള്ള ഭാഗ്യവാന്മാരെന്ന നിലയില്‍ എന്തെങ്കിലും ചെയ്യാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്. ഈ ഉത്തരവാദിത്വം മാറ്റം വരുത്താന്‍ പറ്റുന്നതല്ല. രാഷ്ട്രീയ സൗകര്യങ്ങള്‍ക്കനുസരിച്ച് നിര്‍ത്തിവെക്കാനുമുള്ളതല്ല.

ഇത്തരം വിദ്വേഷ ആശയങ്ങളെ പിന്തുണയ്ക്കുകയെന്നത് തെറ്റായ തീരുമാനമാണ്. നമ്മുടെ പാര്‍ട്ടികളില്‍ നിന്ന് ഈ വിദ്വേഷത്തെ നമുക്ക് തുരത്തേണ്ടതുണ്ട്. ഓണ്‍ലൈനില്‍ ഇവയെ നേരിടേണ്ടതുണ്ട്. മുഖ്യധാരയിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ തള്ളി മാറ്റേണ്ടതുണ്ട്. വിദ്വേഷവും പകയും പാകം ചെയ്‌തെടുക്കുന്ന ഈ സമയത്ത് നിശബ്ദത പാലിക്കുന്നത് ഏറ്റവും വലിയ ഭീരുത്വമാണ്.

മിസ്റ്റര്‍ സ്പീക്കര്‍, വര്‍ഷങ്ങളും ദശാബ്ദങ്ങളും കടന്നു പോകുമ്പോഴും നമ്മള്‍ ഈ നഷ്ടപ്പെട്ടവരെയും രാജ്യങ്ങളെയും കുറിച്ചോര്‍ത്ത് വിലപിക്കുന്നു. കാര്യങ്ങള്‍ നന്നാക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു. പക്ഷെ ഇത് വീണ്ടും ആവര്‍ത്തിക്കുന്നു. വിദ്വേഷം ചൂഷണം ചെയ്യാനുള്ള വികാരമാണെന്ന് നേതാക്കള്‍ തീരുമാനിക്കുകയാണ്. ഈ അടങ്ങാത്ത ദേഷ്യം ഉപയോഗിച്ച് അവര്‍ അധികാരത്തില്‍ വീണ്ടും തിരിച്ചെത്തുകയാണ്. ഒരു ആഗോള സമൂഹമെന്ന നിലയ്ക്കും മനുഷ്യരെന്ന നിലയ്ക്കും നമുക്ക് ഒരു പാഠവും പഠിക്കാന്‍ കഴിഞ്ഞിട്ടില്ലേ ?

സത്യത്തില്‍ ഞാന്‍ തളര്‍ന്നിരിക്കുകയാണ്. നമ്മുടെ ഈ ‘നന്മ നേരലും പ്രാര്‍ത്ഥനയും’ കൊണ്ട് തളര്‍ന്നിരിക്കുകയാണ്. എല്ലാ ദിവസവും ഇതുപോലെ ആക്രമണങ്ങള്‍ക്ക് ഇരയാവുന്നവര്‍ എന്താണ് നേരിടുന്നുണ്ടാവുകയെന്ന് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല.

ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഈ കൂട്ടക്കൊലകളില്‍ തളര്‍ന്നിരിക്കുകയാണ്. അവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഇത്തരം ദുരന്തങ്ങള്‍ വേട്ടയാടുമ്പോള്‍ അവര്‍ ആശ്വസിപ്പിക്കാനെത്തുന്നു. നേതാക്കളുടെ നിലപാടില്ലായ്മയില്‍ അവര്‍ രോഷാകുലരാണ്. ജനങ്ങള്‍ ഉണര്‍ന്നിരിക്കുകയാണ്. നടപടികളെടുക്കാന്‍ ആവശ്യപ്പെടുകയാണ്. നമ്മളാണ് മോശക്കാര്‍. നമ്മുടെ നേതാക്കള്‍ നിരന്തരം പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ജനങ്ങള്‍ കാണിച്ച് തന്നു കൊണ്ടിരിക്കുകയാണ്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയക്കാര്‍ എപ്പോഴും പറയുക, രാഷ്ട്രീയം പറയേണ്ട സമയമല്ലെന്നും ദുരന്തം ബാധിച്ചവര്‍ക്ക് പിന്തുണയും ആശ്വാസവും നല്‍കണമെന്നൊക്കെയാണ്. ഇതൊക്കെ വെറും പ്രഹസനമാണെന്ന് ഞാന്‍ പറയും. രാഷ്ട്രീയം പറയേണ്ട ഏറ്റവും അനുയോജ്യമായ സമയമാണിത്. ജനങ്ങളെ പിന്തുണയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവര്‍ക്കൊരു പ്രശ്‌നമുണ്ടെന്ന് അംഗീകരിക്കലും പരിഹരിക്കാനായി ഉറച്ച നടപടികള്‍ എടുക്കലുമാണ്.

മിസ്റ്റര്‍ സ്പീക്കര്‍, ഒരു ആഗോള സമൂഹമെന്ന നിലയ്ക്ക് നമുക്ക് ഒരു ശരിയായ തീരുമാനമെടുക്കേണ്ടതുണ്ട്. അക്രമികള്‍ക്കെതിരെ കണ്ണടയ്ക്കുന്ന നേതാക്കളെ, വംശീയവും സ്ത്രീവിരുദ്ധവുമായ പ്രസ്താവനകളിറക്കുന്ന സഹപ്രവര്‍ത്തകരെ, ഓണ്‍ലൈന്‍ ട്രോളുകാരെ നമ്മള്‍ നേരിടില്ലേ. മിസ്റ്റര്‍ സ്പീക്കര്‍ ശരിയായത് നമ്മള്‍ ചെയ്യില്ലേ ? അതോ മുഖം അല്ലെങ്കില്‍ പൂഴിയില്‍ മുഖം പൂഴ്ത്തിക്കളയുമോ? എങ്കില്‍ നമുക്ക് അവസാനം കൈകളില്‍ മുഖം പൂഴ്‌ത്തേണ്ടി വരും.

ന്യൂസിലാന്‍ഡില്‍ സംഭവിച്ചിരിക്കുന്ന ദുരന്തം നമ്മളെത്രമാത്രം വഴി തെറ്റിപ്പോയെന്നതിന്റെ ഉദാഹരണമാണ്. പക്ഷെ 50 പേരുടെ മരണത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനാവതെ നമുക്ക് മുന്നോട്ടു പോകാനില്ല. നമ്മള്‍ താഴേക്ക് കുതിക്കുന്ന പാത അപകടകരവും ഒട്ടും നിലനില്‍പ്പില്ലാത്തതുമാണ്. നേതാക്കളുടെ പിന്തുണയില്ലാതെ ജനങ്ങള്‍ ഒറ്റയ്ക്ക് പോരാടി തളര്‍ന്നിരിക്കുകയാണ്.

പക്ഷെ നമുക്ക് ഇപ്പോള്‍ ഇവിടെ ഒരു നിലപാടെടുക്കാന്‍ കഴിയും. കഴിഞ്ഞത് കഴിഞ്ഞെന്ന് നാം പ്രഖ്യാപിക്കണം. പ്രത്യാഘാതങ്ങളെ ഭയക്കാതെ വിദ്വേഷവും അക്രമവും വമിപ്പിക്കുന്ന ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ക്രൈസ്റ്റ് ചര്‍ച്ചിലെയും പിറ്റ്‌സ്ബര്‍ഗിലെയും മാഞ്ചസ്റ്ററിലെയും ജനങ്ങളോട് നമ്മള്‍ കടപ്പെട്ടിരിക്കുകയാണ്. മിസ്റ്റര്‍ സ്പീക്കര്‍, നമ്മുടെ കുഞ്ഞുങ്ങളോടും നമ്മളോടു തന്നെയും കടപ്പെട്ടിരിക്കുകയാണ്.

സമാനമനസ്‌കരായ എല്ലാ രാജ്യങ്ങളോടും ഈ പോരാട്ടത്തില്‍ കാനഡയ്‌ക്കൊപ്പം നില്‍ക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്യുകയാണ്. മുസിംങ്ങളും ക്രിസ്ത്യാനികളും ജൂതരും കറുത്തവരും വെളുത്തവരും അങ്ങനെ എല്ലാവരും ഈ വിദ്വേഷത്തെ ഒരു ടീമായി നിന്ന് നേരിടണം. എല്ലാം സാധാരണയാണെന്ന് അംഗീകരിച്ച് തരാത്ത, നന്മയും പ്രാര്‍ത്ഥനയും നേര്‍ന്ന് മടുത്ത ഒരു ടീം.

ഞങ്ങള്‍ കാനഡക്കാര്‍ ഈ വിദ്വേഷത്തെയും വിവേചനത്തെയും നേരിടാനുള്ള പ്രധാന നടപടികളെടുത്ത് കഴിഞ്ഞു. വിദ്വേഷ സംഘങ്ങളിലേക്ക് ഞങ്ങളുടെ അന്വേഷണം എത്തിക്കഴിഞ്ഞു. വൈറ്റ് സുപ്രീമസ്റ്റുകളായ നിയോ നാസി ഗ്രൂപ്പുകളടക്കം ഇതിന്റെ പരിധിയില്‍ പെടും. തോക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് അര്‍ത്ഥവത്തായ പരിഷ്‌ക്കാരങ്ങള്‍ കൈക്കൊണ്ട് കഴിഞ്ഞു. ആരാധനാലയങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഫണ്ട് വര്‍ധിപ്പിച്ചിട്ടുണ്ട്. വൈവിധ്യത്തെ ആഘോഷിക്കുകയും ആളുകളെ ഉള്‍ച്ചേര്‍ക്കുകയും ചെയ്യുന്ന പദ്ധതികള്‍ക്ക് ഞങ്ങള്‍ മുതല്‍മുടക്കി കൊണ്ടിരിക്കുകയാണ്.

ഇനിയും കുറെ ചെയ്യാനുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം. പക്ഷെ ഒരും തെറ്റുകളും വരുത്താതെ ചെയ്യേണ്ടവ ഞങ്ങള്‍ ചെയ്യും. അങ്ങനെ ഈ സന്ദേശം ഞങ്ങള്‍ ലോകത്തിന് മുന്നിലെത്തിക്കും. ലോകത്തെ ഞങ്ങളുടെ സുഹൃദ് രാജ്യങ്ങളോടാണ്, വംശീയതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരായ പോരാട്ടം കനത്തത് തന്നെയാണ്. നമുക്കത് നീട്ടി വെക്കാന്‍ കഴിയില്ല. ഇവിടെ യഥാര്‍ത്ഥത്തിലൊരു മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മള്‍ പോയിക്കൊണ്ടിരിക്കുന്ന അപകടം നിറഞ്ഞ ഈ പേജ് നമുക്ക് മറിക്കാന്‍ കഴിയും.

മിസ്റ്റര്‍ സ്പീക്കര്‍, ഈ ലോകത്ത് ചീത്തയാളുകളേക്കാള്‍ കൂടുതല്‍ നല്ല ആളുകളുണ്ട്. വെളിച്ചം ഇരുട്ടിന് മേല്‍ പ്രകാശിക്കും. ദുരന്തമുഖത്ത് ഉണര്‍ന്നിരിക്കുന്ന നമ്മുടെ ജനങ്ങളിലൂടെ അത് കാണാന്‍ കഴിയും. അരക്ഷിതാരായ ആളുകള്‍ക്കൊപ്പം നില്‍ക്കാനുള്ള വാഗ്ദാനങ്ങളില്‍ നമുക്കത് കാണാന്‍ കഴിയും. സെന്റ് ഫോയിലും ഇപ്പോള്‍ ന്യൂസിലാന്‍ഡിലും നമ്മളത് കണ്ടു. ഇതൊരു പ്രധാന പോരാട്ടം തന്നെയാണ്. ഈ നല്ല ആളുകള്‍ നമുക്ക് മാതൃകയാക്കിയെ ഉദാഹരണളെ പിന്തുടരാന്‍ എല്ലാ രാഷ്ട്രീയക്കാരെയും ഞാന്‍ ക്ഷണിക്കുകയാണ്. ഈ വിദ്വേഷത്തെ നമുക്ക് ഒത്തൊരുമിച്ച് നേരിടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.