1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2017

സ്വന്തം ലേഖകന്‍: 2014 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യന്‍ തൊഴിലാളികളെക്കുറിച്ച് ഒരു വിവരമില്ലെന്ന് ഇറാഖ് പ്രധാനമന്ത്രി. ഇവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും ഇപ്പോള്‍ തനിക്ക് ഒന്നും പറയാനാവില്ലെന്നും അസോസിയേറ്റ് പ്രസുമായുള്ള അഭിമുഖത്തില്‍ ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി വെളിപ്പെടുത്തി. വടക്കുപടിഞ്ഞാറന്‍ നഗരമായ മൂസിലിന്റെ നിയന്ത്രണം പിടിച്ചെടുത്ത സമയത്താണ് ഐഎസ് സ് ഇന്ത്യന്‍ തൊഴിലാളികളെ തട്ടിക്കൊണ്ടുപോയത്.

ഇവരില്‍ ഭൂരിഭാഗവും പഞ്ചാബ് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരാണ്. ഇറാഖിലെ ഒരു നിര്‍മാണ കമ്പനിക്കു കീഴിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഒരു കെട്ടിടത്തിന്റെയും ആശുപത്രിയുടെയും നിര്‍മാണ ജോലിക്ക് ഇവരെ ഉപയോഗപ്പെടുത്തിയ ഭീകരര്‍, പിന്നീട് കൃഷിയിടത്തിലേക്ക് മാറ്റിയതായി നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവര്‍ ബാദുഷ ജയിലിലുണ്ടെന്ന് വിവരം ലഭിച്ചതായി കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ബന്ധുക്കളോട് നേരിട്ട് അറിയിക്കുകയും ചെയ്തു.

മൂസിലിന്റെ നിയന്ത്രണം ഇറാഖ് സൈന്യം തിരിച്ചു പിടിച്ചതോടെ ഇന്ത്യക്കാരുടെ മോചനം ഉടനെയുണ്ടാകുമെന്നും അന്ന് വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു. മന്ത്രി വി.കെ. സിങ് ഇറാഖ് സന്ദര്‍ശിച്ച ശേഷം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുഷമ ഇക്കാര്യം അറിയിച്ചത്. പിന്നീട് ഇറാഖ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിച്ചോഴും ഈ വിഷയം ചര്‍ച്ചയായി. എന്നാല്‍, ബന്ദികളെക്കുറിച്ച് ഒരു വിവരമില്ലെന്ന് ഇറാഖ് പ്രധാനമന്ത്രി കൈമലര്‍ത്തിയതോടെ ബന്ധുക്കള്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.