1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2015

സ്വന്തം ലേഖകന്‍: വിദേശവാസം കഴിഞ്ഞ് നാട്ടിലെത്തുന്ന പ്രവാസികളുടെ പുനരധിവാസ പാക്കേജിനോടു ബാങ്കുകള്‍ക്ക് അവഗണനാ മനോഭാവം. ഒപ്പം കേന്ദ്ര സര്‍ക്കാരും കൈ മലര്‍ത്തുന്നതോടെ പ്രവാസികളുടെ പുനരധിവാസത്തിന്റെ മുഴുവന്‍ ബാധ്യതയും നോര്‍ക്കയുടെ ചുമലുകളിലാകുകയാണ്.

എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളോ വേണ്ടത്ര ജീവനക്കാരോ ഇല്ലാത്ത നോര്‍ക്ക ഈ ബാധ്യത ഏറ്റെടുക്കാന്‍ കഴിയാതെ ശ്വാസം മുട്ടുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണം മൂലം തിരിച്ചെത്തിയ 19,690 പേരാണു പുനരധിവാസ പാക്കേജില്‍ വായ്പയ്ക്കായി അപേക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഇതുവരെ വായ്പ ലഭ്യമായത് വെറും 605 പേര്‍ക്കു മാത്രം.

പ്രവാസികളുടെ കോടിക്കണക്കിനു രൂപ നിക്ഷേപമുള്ള ബാങ്കുകളാണു വായ്പകള്‍ക്കു നേരെ പ്രധാനമായും കണ്ണടക്കുന്നത്. നിതാഖാത്തിനെ തുടര്‍ന്നു തിരികെയെത്തിയ പ്രവാസികളെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാക്കിയ പദ്ധതിയുമായി ചില ബാങ്കുകള്‍ മാത്രമാണ് സഹകരിക്കുന്നതെന്ന് നോര്‍ക്ക റൂട്ട്‌സ് അധികൃതരും വെളിപ്പെടുത്തുന്നു.

ജോലി നഷ്ടപ്പെട്ടു തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ തുടങ്ങാന്‍ 2013 ജൂലൈയിലാണ് പൊതുമേഖലാ ബാങ്കുകള്‍ മുഖേന എന്‍ഡിപിആര്‍ഇഎം (നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ്) പദ്ധതി ആവിഷ്‌കരിച്ചത്. പലിശരഹിത വായ്പയാണ് സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്.

കേന്ദ്ര സഹായം കൂടി പ്രതീക്ഷിച്ച് ഇതുവരെയായി ഒന്‍പതു കോടി രൂപ മാത്രമാണു മൂന്നു വര്‍ഷമായി ഈയിനത്തില്‍ പ്രഖ്യാപിച്ചത്. എന്നാല്‍, കേന്ദ്രസഹായം ലഭിച്ചില്ല. വായ്പക്കായി അപേക്ഷിച്ചവരില്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയായ ആറായിരം പേര്‍ക്കു വേണ്ടി നോര്‍ക്കയില്‍നിന്ന് വിവിധ ബാങ്കുകളിലേക്കു ശുപാര്‍ശക്കത്ത് അയച്ചെങ്കിലും തുടര്‍നടപടി നീളുകയാണ്. പുനരധിവാസ പാക്കേജില്‍ നിലവില്‍ അനുവദിച്ച വായ്പകളില്‍ തിരിച്ചടവ് മുടങ്ങുന്നതും ബാങ്കുകളുടെ നിസഹകരണത്തിനു കാരണമായി.

കുറഞ്ഞ പലിശനിരക്കും സബ്‌സിഡിയുമായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. ബാങ്കുകള്‍ നിലവില്‍ വായ്പയ്ക്ക് മുഴുവന്‍ പലിശയും ഈടാക്കുന്നുണ്ട്. മൂന്ന് ശതമാനം പലിശ അപേക്ഷകര്‍ക്ക് കുറച്ചു നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ അതിനുള്ള നടപടിയിലാണ് ബാങ്കുകളെന്നും മുന്‍കാല പ്രാബല്യത്തോടെ ഉടന്‍ ഇളവു ലഭ്യമാകുമെന്നുമാണ് നോര്‍ക്കയുടെ ഇപ്പോഴത്തെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.