1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2020

സ്വന്തം ലേഖകൻ: ചൈനയുമായുള്ള അതിർത്തി നയതന്ത്രങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഇതിന് ചുക്കാന്‍ പിടിച്ചതാകട്ടെ ഇന്ത്യയുടെ NSA അജിത് ഡോവലും. ചൈനയുടെ ഓരോ രഹസ്യ നീക്കങ്ങളും കൃത്യമായി അറിയുന്ന വ്യക്തിയാണ് അജിത് ഡോവൽ. ഏഴു വര്‍ഷം മുൻപ് തന്നെ ചൈനയുടെ രഹസ്യനീക്കങ്ങൾ കണ്ടെത്തി ഡോവൽ റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയുടെ ഗൂഢാലോചനയുടെ ഭാഗമായി ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ‌എസ്‌ഐയുടെ സഹായവും ബെയ്ജിങ് സ്വീകരിക്കുന്നുണ്ടെന്ന് നേരത്തെ ഡോവൽ അവകാശപ്പെട്ടിരുന്നു.

ചൈനയും പാക്കിസ്ഥാനും സംയുക്തമായി ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശ് തലസ്ഥാന നഗരമായ ധാക്കയിൽ ഒരു ഓപ്പറേഷൻ ഹബ് തന്നെ തുടങ്ങിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കൃത്യമായി അറിയുന്ന വ്യക്തിയാണ് അജിത് ഡോവൽ. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ തീവ്രവാദ സംഘടനകൾക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നതിനൊപ്പം പാക്കിസ്ഥാനോടൊപ്പം ചൈനയും ഇന്ത്യയ്‌ക്കെതിരെ ചാരപ്പണി നടത്തുന്നുണ്ടെന്ന് അജിത് ഡോവൽ 2013 ല്‍ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

ചൈനീസ് ഇന്റലിജൻസിനെ കുറിച്ച് പറയുന്ന ഒരു ലേഖനത്തിൽ മുൻ ഇന്റലിജൻസ് ബ്യൂറോ (ഐബി) മേധാവി കൂടിയായിരുന്ന ഡോവൽ, ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ചാരന്മാർ എങ്ങനെ സജീവമാണെന്നും ആസൂത്രിതമായ രീതിയിൽ ചൈനയ്ക്കായി ചാരപ്പണി നടത്തുന്നത് എങ്ങനെയെന്നും വിവരിച്ചിട്ടുണ്ട്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ചൈനീസ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാരിന് നൽകാൻ തുടങ്ങിയിരുന്നുവെങ്കിലും അന്നത്തെ വിവരങ്ങളെക്കുറിച്ച് അധികം ആരും ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോഴും മറ്റുചില വഴികളിലൂടെ രാജ്യത്തെ രഹസ്യങ്ങൾ ചൈനീസ് സർക്കാരും പിഎൽഎ സൈന്യവും ചോർത്തുന്നുണ്ട്. ഇത്തരം രഹസ്യം ചോര്‍ത്തുന്നത് സ്മാർട് ആപ്ലിക്കേഷണുകളുടെ രൂപത്തിലും നടക്കുന്നുണ്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ഉറി കരസേനാ താവളത്തിലെ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയത് കൃത്യമായ മുന്നൊരുക്കത്തോടെയാണ്. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം. നേരത്തെയും നിരവധി ആക്രമണങ്ങൾക്കും ദൗത്യങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. മോദിയുടെ വലംകൈ ആയ ഡോവലിനെയാണ് സൈനിക നടപടികള്‍ ഏകോപിപ്പിക്കാനായി ഏല്‍പ്പിച്ചിരിക്കുന്നത്. എല്ലാം രഹസ്യമാക്കി വയ്ക്കാൻ ഡോവലിനു സാധിച്ചു. ദിവസങ്ങൾക്ക് മുൻപെ തുടങ്ങിയ നീക്കങ്ങൾ പുറംലോകം അറിഞ്ഞില്ല. ഡോവലിന്റെ കൃത്യമായ പദ്ധതികൾ കമാൻഡോകൾ നടപ്പിലാക്കി. ഇതിനു ശേഷവും നിരവധി സൈനിക നീക്കങ്ങൾക്കും രാജ്യത്തെ തന്ത്രപ്രധാന ചർച്ചകള്‍ക്കും ഡോവൽ നേതൃത്വം നൽകി.

അജിത് ഡോവലിനെ കുറിച്ച് നേരത്തെ തന്നെ നിരവധി രഹസ്യ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അജിത് ഡോവൽ മുസ്‌ലിം വേഷത്തിൽ ഏഴു വർഷത്തോളം പാക്കിസ്ഥാനിൽ ചാരനായി പ്രവർത്തിച്ചിട്ടുണ്ട്. റോയ്ക്ക് വേണ്ടി പാക്കിസ്ഥാനിലെ തന്ത്രപ്രധാന വിവരങ്ങളെല്ലാം ഡോവൽ ഇന്ത്യയിലേക്ക് കൈമാറിയിരുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിനെ തിരിച്ചു ഇന്ത്യയിൽ കൊണ്ടുവരാനുളള നീക്കം നടത്തിയതും ഡോവലായിരുന്നു. ആറു വർഷം പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈകമ്മീഷണറായും ഡോവൽ പ്രവർത്തിച്ചു.

പാക്കിസ്ഥാനിലെ ഓരോ വഴികളും കൃത്യമായി മനസ്സിലാക്കിയ വ്യക്തിയാണ് ഡോവൽ. ഇക്കാര്യം ഇപ്പോൾ പാക്കിസ്ഥാനും അറിയാം. രാജ്യത്തിനു വേണ്ടി ചാരപ്രവർത്തനം നടത്തിയ വ്യക്തി ആദ്യമായിട്ടാണ് ദേശീയ സുരക്ഷാ ഉപദേഷ്ടവാകുന്നത്. 1968ൽ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്‌ഥനായാണ് ഡോവൽ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 33 വർഷം രഹസ്യാന്വേഷണ വിഭാഗത്തിനൊപ്പം ചേർന്നു പ്രവർത്തിച്ചു.

അമൃത്സറിലെ സുവർണ ക്ഷേത്രത്തിലെ ഓപ്പറേഷൻ ബ്ലാക്ക് തണ്ടറിനു പിന്നിൽ അജിത് ഡോവലിന്റെ ബുദ്ധിയായിരുന്നു. അന്ന് ഐഎസ്ഐ ചാരനെ പിടികൂടിയ ഡോവൽ ചാരന്റെ വേഷത്തിൽ സുവർണ ക്ഷേത്രത്തിലെത്തി കാര്യങ്ങൾ നിര്‍വഹിച്ചു. മിസോറാം നാഷണൽ ഫ്രണ്ടിൽ നുഴഞ്ഞു കയറിയും അജിത് ഡോവൽ ആക്രമണം നടത്തിയിട്ടുണ്ട്. അവരിൽ ഒരാളായി ചേർന്നാണ് അന്ന് ആക്രമണം നടത്തിയത്. 1999ലെ കാണ്ഡഹാർ വിമാന റാഞ്ചലിൽ ഭീകരരുമായി വിലപേശൽ നടത്തിയത് ഡോവലായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.