1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2016

സ്വന്തം ലേഖകന്‍: ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ, അഞ്ച് ഡോക്ടര്‍മാരെ പുറത്താക്കി. യുവാവിന്റെ പരിക്കേറ്റ വലതുകാലിനു പകരം ഇടതുകാലില്‍ ശസ്ത്രക്രിയ ചെയ്ത അഞ്ച് ഡോക്ടര്‍മാരരെയാണ് ആശുപത്രി പുറത്താക്കിയത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രവി റായിയുടെ (24) പരാതിയില്‍ അശോക് വിഹാര്‍ പോലീസ് കേസെടുത്തതോടെ ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ പുറത്താക്കുകയായിരുന്നു.

ഞായറാഴ്ച വീടിന്റെ പടിക്കെട്ടിറങ്ങുന്നതിനിടെ മറിഞ്ഞു വീണ രവിയുടെ വലതുകാലിന്റെ കണ്ണയ്ക്ക് ഒടിവുണ്ടായി. എന്നാല്‍, ഫോര്‍ട്ടിസ് ആശുപത്രിയില്‍ ഇദ്ദേഹത്തിന്റെ കുഴപ്പമൊന്നുമില്ലാത്ത ഇടതുകാലിന്റെ കണ്ണയിലാണു ശസ്ത്രക്രിയ നടത്തിയത്. വലതുകാലില്‍ ഒന്നും ചെയ്തിട്ടില്ലെന്നു രവിയുടെ പിതാവ് രാംകരണ്‍ പറഞ്ഞു.

ഇതിന് ആശുപത്രി അധികൃതര്‍ നല്‍കിയ ന്യായീകരണം തങ്ങളെ വീണ്ടും ഞെട്ടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തി ആരോഗ്യമുള്ള കാലില്‍ ഇട്ട സ്‌ക്രൂകള്‍ മാറ്റി പരുക്കേറ്റ കാലില്‍ ഘടിപ്പിക്കാമെന്നും ഇതൊരു ചെറിയ കാര്യമാണെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് സംബന്ധിച്ച കമ്പനിയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ ഒരു ദിവസം വൈകിയാണ് ശസ്ത്രക്രിയ നടത്തിയതെന്നും രാംകരണ്‍ ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് ഫോര്‍ട്ടിസ് ആശുപത്രിയില്‍ നിന്നു മാറ്റിയ രവി റായിയെ ഷാലിമാര്‍ ബാഗില്‍ തന്നെയുള്ള മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയില്‍ അബദ്ധം പറ്റിയയുടനെ വിദഗ്ധ സമിതിയെവച്ച് അന്വേഷിച്ചെന്നും ഡോക്ടര്‍മാരുടെ പിഴവാണെന്നു കണ്ടെത്തിയെന്നും ഫോര്‍ട്ടിസ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചു ബാക്കി നടപടികള്‍ സ്വീകരിക്കുമെന്നും ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.