1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2017

 

സ്വന്തം ലേഖകന്‍: പാര്‍ട്ടിയില്‍ നിന്ന് പരസ്പരം പുറത്താക്കി ശശികലയും പനീര്‍ശെല്‍വവും, തമിഴ്‌നാട് ഗവര്‍ണര്‍ പനീര്‍ശെല്‍വത്തെ പിന്തുണക്കുമെന്ന് സൂചന. തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിനായി അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി ശശികലയും കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും തമ്മിലുള്ള വടംവലി തുടരുന്നു. ശശികലയ്‌ക്കെതിരായ അഴിമതിക്കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ അവരെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ടതില്ലെന്നു ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലായാല്‍ കേന്ദ്രസേനയെ വിളിക്കാമെന്ന നിലപാടിലാണു ഗവര്‍ണറെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ശശികല ചെന്നൈ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലെത്തിച്ച 140 എം.എല്‍.എമാര്‍ ഒളിവിലോ തട്ടിക്കൊണ്ടു പോയതോ അല്ലെന്നു ഡി.ജി.പി. ഗവര്‍ണര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍.എമാരില്‍ ചിലര്‍ സത്യഗ്രഹം തുടങ്ങിയെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. പിന്തുണക്കുന്നവെന്ന രേഖയില്‍ ശശികലയുടെ ഗുണ്ടകള്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചെന്ന് ഒരു എം.എല്‍.എ. പോലീസിനു പരാതി നല്‍കിയിരുന്നു.

ഗവര്‍ണര്‍ ഭരണഘടനയെയും ജനാധിപത്യത്തെയും മാനിക്കുന്ന നടപടിയെടുക്കുമെന്നു വി.കെ. ശശികല പറഞ്ഞു. പോയസ് ഗാര്‍ഡനില്‍ അന്തരിച്ച ജയലളിതയുടെ വസതിയായ വേദനിലയത്തിലാണ് അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരോടു സംസാരിച്ചത്. അണ്ണാ ഡി.എം.കെ. ലോക്‌സഭയിലെ മൂന്നാമത്തെ പ്രധാനകക്ഷിയാകാന്‍ കാരണം ജയലളിതയുടെ പ്രവര്‍ത്തനങ്ങളാണെന്ന് ശശികല അനുസ്മരിച്ചു. ‘അമ്മയുടെ സര്‍ക്കാരിന്’ ഒരു ചെറിയ തിരിച്ചടി പോലും ഏല്‍ക്കാന്‍ അനുവദിക്കില്ലെന്നും ശശികല പ്രഖ്യാപിച്ചു.

പാര്‍ട്ടിയെ ആര്‍ക്കും ‘ഹൈജാക്ക്’ ചെയ്യാനാകില്ലെന്ന് ഗ്രീന്‍വേയ്‌സ് റോഡിലെ വസതിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പനീര്‍ശെല്‍വം തിരിച്ചടിച്ചു. പ്രവര്‍ത്തകരുടെ ബലത്തില്‍ അണ്ണാ ഡി.എം.കെ. നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും അതിജീവിക്കുമെന്ന ജയലളിതയുടെ വാക്കുകളെ ഉദ്ധരിക്കാനും അദ്ദേഹം മറന്നില്ല. ജനങ്ങള്‍ ആഗ്രഹിക്കുന്നയാള്‍ മുഖ്യമന്ത്രിയാകുമെന്ന് പനീര്‍സെല്‍വം പറഞ്ഞു. പാര്‍ട്ടിയുടെ സ്വത്തുക്കള്‍ ആരുടെയും കുടുംബ സ്വത്ത് ആക്കാന്‍ അനുവദിക്കില്ല. പാര്‍ട്ടി സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയില്‍ ആഭ്യന്തര കലഹം രൂക്ഷമായിരിക്കെ പനീര്‍സെല്‍വത്തിന് പിന്തുണയുമായി മുഖ്യ പ്രതിപക്ഷമായ ഡി.എം.കെ.യുടെ നിയമസഭാ കക്ഷി നേതാവ് എം കെ സ്റ്റാലില്‍ രംഗത്തെത്തി. ഗവര്‍ണര്‍ സി. വിദ്യസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സ്റ്റാലിന്‍ പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും ഗവര്‍ണര്‍ ശശികലയെ ഇന്നലെയും സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കാതിരുന്നത് പനീര്‍സെല്‍വത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ശശികല പക്ഷത്തുനിന്ന് ഇനിയും എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം വരുമെന്നും പനീര്‍ശെല്‍വം കണക്കുകൂട്ടുന്നു. മുഖ്യമന്ത്രിയായാലും നിലവില്‍ എംഎല്‍എയല്ലാത്ത ശശികല ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. അനധികൃത സ്വത്തു കേസില്‍ വരാനിരിക്കുന്ന സുപ്രീം കോടതി വിധി എതിരായാല്‍ അതിനുള്ള സാധ്യത അടയും.

സ്വത്തുകേസില്‍ ഒരാഴ്ചയ്ക്കകം വിധി പറയുമെന്നു സുപ്രീം കോടതി കഴിഞ്ഞ ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കാവല്‍ മുഖ്യമന്ത്രിയായി പനീര്‍സെല്‍വം തുടര്‍ന്നേക്കുമെന്നാണ് രാജ്ഭവനില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും പുതിയ സൂചനകള്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.