1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2015

സ്വന്തം ലേഖകന്‍: പാരീസ് ആക്രമണത്തിന്റെ സൂത്രധാരനെ തിരിച്ചറിഞ്ഞു, ഭീകരന്‍ ബല്‍ജിയം സ്വദേശി. ഇപ്പോള്‍ സിറിയയിലുള്ള ബെല്‍ജിയം സ്വദേശി അബ്ദല്‍ഹമിദ് അബൗദ് ആണ് പാരിസ് ഭീകരാക്രമണത്തിന്റെ പിന്നിലെന്ന് ഫ്രഞ്ച് അന്വേഷണസംഘം കണ്ടെത്തി. ബ്രസ്സല്‍സിനു സമീപം മോളന്‍ബീക് പട്ടണത്തില്‍നിന്നുള്ള അബൗദ് ജനവരിയില്‍ ബല്‍ജിയത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും ബല്‍ജിയന്‍ പോലീസ് കൃത്യസമയത്ത് ഇടപെട്ട് പദ്ധതി പൊളിക്കുകയായിരുന്നു.

സിറിയയില്‍ വിശുദ്ധയുദ്ധത്തിനു പുറപ്പെട്ട പതിമ്മൂന്നുകാരന്റെ മൂത്ത സഹോദരനാണിയാള്‍. ഭീകരാക്രമണം ആസൂത്രണംചെയ്തത് സിറിയയില്‍നിന്നാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് നേരത്തേ വ്യക്തമാക്കിയിരുന്നു.

വെള്ളിയാഴ്ചത്തെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍ പോലീസ് 23പേരെ അറസ്റ്റ് ചെയ്തു. ഒരു എ.കെ. 47 തോക്കും റോക്കറ്റ് ലോഞ്ചറുമുള്‍പ്പെടെ 31 ആയുധങ്ങള്‍ പിടികൂടി. നൂറ്റിയെഴുപതിലധികം കേന്ദ്രങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്. ആക്രമണം നടത്തിയവരില്‍ അഹമദ് അല്‍ മുഹമ്മദ്, സമി അമിമൂര്‍ എന്നീ രണ്ടു ഭീകരരെക്കൂടി തിങ്കളാഴ്ച തിരിച്ചറിഞ്ഞു. അഞ്ചുപേരെ കഴിഞ്ഞദിവസംതന്നെ തിരിച്ചറിഞ്ഞിരുന്നു.

അല്‍ മുഹമ്മദിന് സിറിയന്‍ പാസ്‌പോര്‍ട്ടുണ്ട്. അമിമൂറിനെതിരെ ഫ്രാന്‍സില്‍ തീവ്രവാദക്കേസുകളുണ്ട്. മുമ്പ് യെമനിലേക്കു കടക്കാന്‍ തയ്യാറെടുത്തിരുന്ന ഇയാള്‍ക്കെതിരെ 2013ല്‍ അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തിങ്കളാഴ്ച അറസ്റ്റുചെയ്ത മൂന്നുപേര്‍ ഇയാളുടെ ബന്ധുക്കളാണ്. ഭീകരരിലൊരാള്‍ ഈവര്‍ഷമാദ്യം അഭയാര്‍ഥിയായി ഗ്രീസില്‍ പ്രവേശിച്ചയാളാണ്.

ബ്രസ്സല്‍സില്‍ ജനിച്ച ഫ്രഞ്ച് പൗരന്‍ സലാ അബ്ദെസ്ലാം(26) ആണ് അന്വേഷണസംഘം തിരയുന്നവരില്‍ പ്രധാനി. തിങ്കളാഴ്ച ബെല്‍ജിയത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തതായി അവിടത്തെ ഒരു റേഡിയോ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. ചാവേറുകളിലൊരാളായ ബ്രാഹിം അബ്ദെസ്ലാം ഇയാളുടെ സഹോദരനാണ്. സലായുടെ മറ്റൊരു സഹോദരനായ മുഹമ്മദ് അബ്ദെസ്ലാമിനെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബെല്‍ജിയന്‍ പോലീസ് ആദ്യം തടഞ്ഞുവെച്ചിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

ബെല്‍ജിയത്തിലെ ബ്രസ്സല്‍സിലും പരിശോധനകള്‍ തുടരുകയാണ്. ഒരാളെ ഇവിടെനിന്ന് അറസ്റ്റുചെയ്തു. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഫ്രാന്‍സില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മിനിറ്റ് മൗനമാചരിച്ചു. ഭീകരാക്രമണത്തിനു തിരിച്ചടിയായി സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തികേന്ദ്രമായ റാഖയില്‍ തിങ്കളാഴ്ച ഫ്രഞ്ച് യുദ്ധവിമാനങ്ങള്‍ ആക്രമണം തുടങ്ങിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.