1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2017

സ്വന്തം ലേഖകന്‍: പോര്‍ച്ചുഗലില്‍ കാട്ടുതീ പടരുന്നു, മരണം 60 കവിഞ്ഞു, തീനാളങ്ങളെ നിയന്ത്രിക്കാനാകാതെ വലഞ്ഞ് അഗ്‌നിശമന സേനക്കാര്‍. മധ്യ പോര്‍ച്ചുഗലിലെ പെട്രോഗോ ഗ്രാന്‍ഡെ മേഖലയിലുണ്ടായ കാട്ടുതീയില്‍ 62 പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച പുലര്‍ച്ചെ 3.30 നാണ് തീ പടരാന്‍ തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീ അറുപതോളം പേരുടെ ജീവനെടുത്തതായും 59 പേര്‍ക്ക് പരിക്കേറ്റതായും പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ അറിയിച്ചു.

അടുത്തിടെ രാജ്യം അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തമാണിതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പേരും മരിച്ചത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ്. 30 ഓളം പേരെ വാഹനങ്ങള്‍ക്കുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരവധി വീടുകള്‍ കത്തിനശിച്ചു തീ ഇതുവരെ നിയന്ത്രണ വിധേമാക്കിയിട്ടില്ലെന്നും ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നതായും പോച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫിഗ്വീറോ ഡോ വിന്‍ഹോസിനെയും കാസ്റ്റന്‍ഹീറ ഡെ പെറയേയും ന്ധിപ്പിക്കുന്ന ഹൈവേയുടെ ഇരുശവുമാണ് തീ ആളിപ്പടര്‍ന്നത്. അതിനാല്‍ വാഹനങ്ങളില്‍ സഞ്ചരിച്ച ആളുകളാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. മൂന്ന് പേര്‍ പുക ശ്വസിച്ചും നിരവധി പേര്‍ വാഹനങ്ങളില്‍ കുടുങ്ങിയുമാണ് മരിച്ചതെന്ന് സ്‌റ്റേറ്റ് ആഭ്യന്തര സെക്രട്ടറി ജോര്‍ജ് ഗോമസ് പറഞ്ഞു.
കാട്ടുതീ വീടുകളിലേക്ക് പടര്‍ന്ന സാഹചര്യത്തില്‍ മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

1700 അഗ്‌നിശമന സേനാ വിഭാഗം ഉദ്യോഗസ്ഥര്‍ സജീവമായി രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ ചില ജീവനക്കാര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. പോര്‍ച്ചുഗലിന് സഹായ വാഗ്ദാനവുമായി സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ്‌യും യൂറോപ്യന്‍ കമീഷന്‍ തലവന്‍ ജീന്‍ ക്ലോദ് ജങ്കറും മുന്നോട്ടു വന്നിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ തീയണക്കുന്നതിനുള്ള വിമാനങ്ങളും വാഹനങ്ങളും വിട്ടുനല്‍കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്റെ സിവില്‍ പ്രൊട്ടക്ഷന്‍ യൂണിറ്റുകള്‍ വഴി ഫ്രാന്‍സും മൂന്ന് വിമാനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.