1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2015

ആലുവക്കും പെരിയാറിനും പുതുജീവനേകാന്‍ ബ്രിട്ടീഷ് കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്റെ സഹായ വാഗ്ദാനം. ആലുവയില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിലാണ് ചാള്‍സ് രാജകുമാരന്‍ സഹായ സന്നദ്ധത വ്യക്തമാക്കിയത്. ആലുവയുടെ സമ്പൂര്‍ണ നഗര വികസനം, പെരിയാര്‍ നദിയുടെ ശുചീകരണം എന്നിവയുള്‍പ്പെട്ടതാണ് പദ്ധതി.

ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, മുനിസിപ്പല്‍ ചെയര്‍മാന്‍ എംടി ജേക്കബ്, കൗണ്‍സിലര്‍ ജെബി മാതെര്‍ ഹിഷാം റീജിയണന്‍ ടൗണ്‍ പ്ലാനര്‍ പ്രമോദ് കുമാര്‍, ബ്രിട്ടീഷ് ഹൈക്കമ്മീഷണിലെ വിദ്യ സുന്ദരരാജന്‍ എന്നിവരാണ് പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്. ഐ.എന്‍.ടി.ബി.എ.യു ലോക കോണ്‍ഗ്രസിന്റെ ഭാഗമായാണ് പ്രതിനിധി സംഘം യുകെ സന്ദര്‍ശിക്കുന്നത്.

യുകെയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റാണ് ആലുവയുടേയും പെരിയാറിന്റേയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുക. ആലുവയുടെ തന്ത്രപരമായ സ്ഥാനവും വളര്‍ന്നു കൊണ്ടിരിക്കുന്ന നഗരത്തിരക്കിനാല്‍ വീര്‍പ്പുമുട്ടുന്നതുമാണ് നഗരത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കാരണം.

നഗരത്തിലെ ഗതാഗത സംവിധാനങ്ങള്‍ പരിഷ്‌കരിക്കുക, ജലവിനിയോഗവും വിതരണവും കാര്യക്ഷമമാക്കുക, പെരിയാര്‍ നദിയെ മാലിന്യ മുക്തമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ പ്രോസ്‌പെരിറ്റി ഫണ്ടില്‍ നിന്നാണ് പദ്ധതിക്കാവശ്യമായ തുക വിലയിരുത്തുക. ഒപ്പം സംസ്ഥാന സര്‍ക്കാരിന്റേയും ഫെഡറല്‍ ബാങ്കിന്റേയും സാമ്പത്തിക സഹകരണവുമുണ്ട്.

ചാള്‍സ് രാജകുമാരനുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആശംസ പ്രതിനിധി സംഘം രാജകുമാരന് കൈമാറി. നേരത്തെ 2014 ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ചാള്‍സ് രാജകുമാരനും ഭാര്യയും ആലുവയിലെ ചരിത്ര പ്രസിദ്ധമായ സമ്മര്‍ പാലസില്‍ താമസിക്കാന്‍ എത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.