1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2020

സ്വന്തം ലേഖകൻ: ഖത്തറിനെതിരെ സൌദി അറേബ്യയും സഖ്യരാജ്യങ്ങളും മൂന്ന് വര്‍ഷമായി തുടരുന്ന കര,വ്യോമ ഉപരോധത്തിന് ആഴ്ച്ചകള്‍ക്കുള്ളില്‍ പരിഹാരമായേക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിലെ മിഡിലീസ്റ്റ് നയതന്ത്ര വിഭാഗം ഉന്നത ഉദ്യോഗസ്ഥന്‍ ഡേവിഡ് ഷെന്‍കറെ ഉദ്ധരിച്ച് റോയിട്ടേഴ്സും അല്‍ജസീറയും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സൌദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി കൈവന്നതായും വരും ആഴ്ച്ചകള്‍ക്കകം തന്നെ നിര്‍ണായക തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്നും ഒരു ഓണ്‍ലൈന്‍ ചടങ്ങില്‍ സംസാരിക്കവെ ഷെന്‍കര്‍ പറഞ്ഞു.

”തര്‍ക്ക വിഷയങ്ങളിലും നിലപാടുകളിലും അയവ് വന്നിട്ടുണ്ട്. മുന്നോട്ടുള്ള ചര്‍ച്ചകളില്‍ മഞ്ഞുരുകാന്‍ തന്നെയാണ് സാധ്യത. പ്രശ്നപരിഹാരത്തിനായി അമേരിക്ക ഉന്നത തലത്തിലുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രത്യേക താല്‍പ്പര്യത്തോടെ വിഷയത്തില്‍ ഇടപെടുന്നുണ്ട്”-ഷെന്‍കര്‍ വ്യക്തമാക്കി

മുസ്ലിംബ്രദര്‍ഹുഡ് ഭീകരസംഘടനയാണെന്നും അതിനുള്ള സഹായം ഖത്തര്‍ അവസാനിപ്പിക്കണമെന്നും, അല്‍ജസീറ മീഡിയ നെറ്റ് വര്‍ക്ക് പൂട്ടുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നതുമുള്‍പ്പെടെ പതിമൂന്ന് ഇന ഉപാധികളാണ് ഉപരോധം അവസാനിപ്പിക്കുന്നതിനായി നേരത്തെ സൌദി സഖ്യ രാജ്യങ്ങള്‍ ഖത്തറിന് മുമ്പാകെ വെച്ചിരുന്നത്. എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണിവയെന്ന നിലപാടാണ് ഖത്തര്‍ കൈക്കൊണ്ടത്. അതെ സമയം വ്യോമഉപരോധം ഏര്‍പ്പെടുത്തിയതിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നല്‍കിയ അപ്പീലില്‍ നേരത്തെ ആദ്യ വിധി ഖത്തറിനനുകൂലമായിരുന്നു.

പ്രതിസന്ധി ഏത് വിധേനയും അവസാനിപ്പിച്ച് അറബ് രാജ്യങ്ങളെ ഒന്നിച്ച് ഇറാനെതിരെ അണിനിരത്തലാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് ചില മാധ്യമങ്ങള്‍ വിലയിരുത്തുന്നു. അമേരിക്കയുടെ ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ വ്യോമതാവളം സ്ഥിതി ചെയ്യുന്നത് ഖത്തറിലാണെന്നതും വിഷയം എത്രയും പെട്ടെന്ന് രമ്യമായി പരിഹരിക്കുന്നതിന് അമേരിക്കയെ പ്രേരിപ്പിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.