1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2019

സ്വന്തം ലേഖകന്‍: ‘ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുവരെ അവസരം നല്‍കിയിട്ടും ഗ്രാമീണ വനിതകളെ അവഗണിക്കുകയാണല്ലോ’ രാഹുലിനു നേരെ ഒറ്റ ചോദ്യം! മലയാളി പെണ്‍കുട്ടിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് രാഹുല്‍ ഗാന്ധി. ശനിയാഴ്ച രാവിലെ യുഎഇയില്‍ വിവിധ എമിറേറ്റ്‌സില്‍നിന്ന് എത്തിയ വിദ്യാര്‍ഥികളുമായി ദുബായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജിയില്‍ നടന്ന സംവാദത്തിനിടയിലായിരുന്നു രാഹുല്‍ ഗാന്ധി മലയാളി വിദ്യാര്‍ഥിനിയെ അഭിനന്ദിക്കുകയും രാഷ്ട്രീയത്തിലേക്കു ക്ഷണിക്കുകയും ചെയ്തു.

അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി അമല ബാബു തോമസാണ് (15) ഒറ്റച്ചോദ്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ ശ്രദ്ധ പിടിച്ചെടുത്തത്. അമലയുടെ ചോദ്യം ഇഷ്ടപ്പെട്ട രാഹുല്‍ ഒട്ടും അമാന്തിക്കാതെ രാഷ്ട്രീയത്തിലേക്കു ക്ഷണിക്കുകയും ചെയ്തു. കോണ്‍ഗ്രസ് എക്കാലവും സ്ത്രീകള്‍ക്കു വലിയ പരിഗണനയാണ് നല്‍കിയിട്ടുള്ളതെന്ന് മറുപടിയായി രാഹുല്‍ പറഞ്ഞു.

വനിതാ ബില്‍ ഉള്‍പ്പെടെയുള്ളവ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നേട്ടമാണ്. അമലയെപ്പോലെയുള്ളവര്‍ക്കു രാഷ്ട്രീയത്തിലേക്കു വരാന്‍ താത്പര്യമുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന് അവസരമുണ്ടെന്നും സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പരിപാടി കഴിഞ്ഞു മടങ്ങും വഴി അമലയെ ‘നമ്മള്‍ വീണ്ടും കാണും’ എന്നു പറഞ്ഞു ഹസ്തദാനം ചെയ്യാനും രാഹുല്‍ മറന്നില്ല.

അബുദാബിയില്‍ പ്രൈവറ്റ് കന്പനിയില്‍ ജോലിചെയ്യുന്ന ബാബു തോമസിന്റെയും നഴ്‌സ് ലിനിയുടെയും ഏകമകളാണ് അമല. പത്തനംതിട്ട അടൂര്‍ തുവയൂര്‍ സ്വദേശികളായ ഇവര്‍ പത്തു വര്‍ഷത്തോളമായി അബുദാബിയിലാണ്. തുവയൂര്‍ ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന ഈ മിടുക്കി അഞ്ചാം ക്ലാസ് മുതല്‍ അബുദാബിയിലാണ് പഠനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.