1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2018

സ്വന്തം ലേഖകന്‍: അറബിക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു; കനത്ത മഴക്കും കാറ്റിനും സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. അറബിക്കടലിന് തെക്കുകിഴക്കായി ശ്രിലങ്കയ്ക്കടുത്ത് വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ ചുഴലിക്കാറ്റ് അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറുദിശയില്‍ സഞ്ചരിക്കുമെന്നാണ് അറിയിപ്പ്.

ഈ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അടിയന്തരയോഗം ചേര്‍ന്ന് മുന്‍കരുതലെടുക്കാനും മുന്നറിയിപ്പ് നല്‍കാനും തീരുമാനിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഞായറാഴ്ച ന്യൂനമര്‍ദം ശക്തിപ്രാപിക്കും. തിങ്കളാഴ്ച കൂടുതല്‍ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറും. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ല. ഇത് ഒമാന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. എന്നാല്‍, കേരള തീരത്ത് ശക്തമായ കാറ്റടിക്കും. വെള്ളിയാഴ്ചയോടെ കേരളത്തില്‍ പരക്കെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേന്ദ്ര സേനാവിഭാഗങ്ങളോട് അടിയന്തരമായി സജ്ജമാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ അഞ്ച് ടീമിനെ അധികമായി കേരളത്തിലേക്കയക്കാന്‍ ആവശ്യപ്പെട്ടു.

ഭിന്നശേഷിക്കാരെ സാമൂഹ്യസുരക്ഷാവകുപ്പ് പ്രത്യേകം പരിഗണിക്കുകയും ദുരന്തസാധ്യതാമേഖലകളില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കുകയും വേണം. ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം വ്യാഴാഴ്ച ചേരും. ഡാമുകളുടെ ജലനിരപ്പ് പ്രത്യേകം പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ന്യൂനമര്‍ദവും ചുഴലിക്കാറ്റുംമൂലം കേരളത്തില്‍ പലയിടങ്ങളിലും അതിതീവ്ര മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഏഴിന് ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചയോടെ കേരളത്തില്‍ പരക്കെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ട്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പ് പരിഗണിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതലെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.