1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2018

സ്വന്തം ലേഖകന്‍: യുഎസില്‍ പാര്‍ട്ടി പരസ്യത്തില്‍ ഗണേശചിത്രം; മാപ്പു പറഞ്ഞ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഗണേശ ചതുര്‍ഥിയുടെ ഭാഗമായി ഹൈന്ദവരുടെ ആരാധനാമൂര്‍ത്തിയായ ഗണേശ ഭഗവാന്റെ ചിത്രത്തോടൊപ്പം പാര്‍ട്ടിയുടെ പ്രചാരണം ലക്ഷ്യമിട്ട് പരസ്യചിത്രം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ മൂര്‍ത്തിയെ അവഹേളിക്കുന്ന തരത്തിലുള്ള വാചകങ്ങളുണ്ടെന്നാരോപിച്ച് അമേരിക്കയിലെ ഇന്ത്യക്കാരുടെ സംഘടനകള്‍ മുന്നോട്ടു വന്നതിനെ തുടര്‍ന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഗണേശ ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 13ലെ അമേരിക്കന്‍ പത്രങ്ങളില്‍ വന്ന പാര്‍ട്ടി പരസ്യമാണ് വിവാദങ്ങള്‍ക്കു തിരി കൊളുത്തിയത്. ‘നിങ്ങള്‍ ആരെ ആരാധിക്കും? ആനയെയോ കഴുതയെയോ? ഏതു വേണമെന്നു നിങ്ങള്‍ക്കു തെരഞ്ഞെടുക്കാം.’ ഇതായിരുന്നു പരസ്യത്തിലെ വാചകം. പാര്‍ട്ടിയുടെ ചിഹ്നം ആനയാണ്. എന്നാല്‍ പരസ്യത്തിനെതിരെ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍(എച്ച്.എ.എഫ്) അടക്കം നിരവധി സംഘടനകള്‍ പ്രതിഷേധമുയര്‍ത്തി രംഗത്ത് വരികയായിരുന്നു.

വിശ്വാസങ്ങളെ വ്രണപ്പെടുത്തിക്കൊണ്ടു വോട്ടു ചോദിക്കുന്നത് ശരിയായ രീതിയല്ല. ആരാധനാമൂര്‍ത്തിയായ ഗണേശ ഭഗവാനെ മുന്‍നിര്‍ത്തി ആനക്കോ കഴുതക്കോ വോട്ട് എന്നു ചോദിച്ചതും തെറ്റായിപ്പോയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. അതേസമയം, ഹിന്ദു ആരാധനാമൂര്‍ത്തികളില്‍ മൃഗങ്ങളുണ്ടെന്ന പേരില്‍ യു.എസ് സ്‌കൂളുകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വംശജരായ കുട്ടികള്‍ ശകാരവാക്കുകള്‍ കേള്‍ക്കേണ്ടി വരാറുണ്ടെന്ന് എച്ച്.എ.എഫ് ഭാരവാഹികള്‍ തുറന്നടിച്ചു.

ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്താന്‍ ലക്ഷ്യമിട്ടല്ല പരസ്യം പ്രസിദ്ധീകരിച്ചതെന്ന് പിന്നീട് പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. ഗണേശ ചതുര്‍ഥിയെന്ന ആഘോഷത്തെ സ്വാഗതം ചെയ്യുക തന്നെയാണ് പാര്‍ട്ടിയും ഉദ്ദേശിച്ചത്. വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമിക്കണമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി വ്യക്തമാക്കി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.