1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2015

സ്വന്തം ലേഖകന്‍: അഭയാര്‍ഥികളെ രക്ഷിക്കാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു, അഭയാര്‍ഥികള്‍ ഉണ്ടാകുന്നതിന്റെ മൂലകാരണങ്ങള്‍ കണ്ടെത്താനും രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ബാങ്കോക്കില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പുനരധിവാസത്തിന്റെ കാര്യത്തില്‍ അനുഭാവ പൂര്‍ണമായ സമീപനത്തിനും യോഗം ആഹ്വാനം ചെയ്തു.

എന്നാല്‍ യോഗത്തില്‍ റോഹിംഗ്യ അഭയാര്‍ഥി പ്രശ്‌നത്തില്‍ വന്‍വിമര്‍ശനം ഏറ്റുവാങ്ങിയ മ്യാന്മര്‍ തങ്ങള്‍ക്കെതിരെയുള്ള മുഴുവന്‍ ആരോപണങ്ങളും നിഷേധിച്ചു. ഏഷ്യന്‍ മേഖലാ രാജ്യങ്ങള്‍ക്ക് പുറമെ യുഎന്നിന്റെയും യു എസിന്റെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

ബാങ്കോക്കിലെ ഹോട്ടലില്‍ നടന്ന യോഗത്തില്‍ മ്യാന്മര്‍ സംഘത്തെ പ്രതിനിധീകരിച്ച് ഹിതിന്‍ ലിന്‍ സംസാരിച്ചു. ആരോപണങ്ങള്‍ക്ക് മ്യാന്മറിനെ ഒറ്റപ്പെടുത്തരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 17 രാജ്യങ്ങളിലെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. യുഎസ്, ജപ്പാന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള നിരീക്ഷകരും സംബന്ധിച്ചു.

അഭയാര്‍ഥികള്‍ക്കെതിരെയുള്ള നേരത്തയുള്ള നിലപാട് മയപ്പെടുത്താനും അന്താരാഷ്ട്രതലത്തിലുള്ള നിരീക്ഷണം ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇന്തോനേഷ്യയും മലേഷ്യയും അഭയാര്‍ഥികള്‍ക്ക് താത്കാലിക ക്യാമ്പുകള്‍ ഒരുക്കുന്നത് തുടരും.

അഭയാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും ചെയ്യും. അഭയാര്‍ഥി പ്രശ്‌നം അഭിമുഖീകരിക്കുന്ന രാജ്യങ്ങളെ സഹായിക്കാന്‍ സംയുക്ത ദൗത്യസേനക്ക് രൂപം നല്‍കും. ജോലി സാധ്യതകള്‍ വര്‍ധിപ്പിച്ച് അഭയാര്‍ഥി പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം എന്നീ അടിസ്ഥാന വിഷയങ്ങളില്‍ രാജ്യങ്ങള്‍ ശ്രദ്ധ ചെലുത്തണം.

മ്യാന്മറില്‍ നിന്നുള്ള റോഹിംഗ്യ അഭയാര്‍ഥികള്‍ക്ക് തായ്‌ലന്‍ഡില്‍ വിലക്കേര്‍പ്പെടുത്തിയതോടെയാണ് ഈ വിഷയം ലോകശ്രദ്ധ നേടിയത്. ഇതോടെ ആയിരക്കണക്കിന് പേര്‍ കടലില്‍ ദുരിത ജീവിതവുമായി കഴിച്ചുകൂട്ടേണ്ടി വന്നു. അതേസമയം 727 റോഹിംഗ്യ അഭയാര്‍ഥികളുള്ള ബോട്ട് തങ്ങള്‍ കരക്കടുപ്പിച്ചതായി മ്യാന്മര്‍ അവകാശപ്പെട്ടു. ബോട്ടില്‍ നിറയെ അഭയാര്‍ഥികളുള്ള ചിത്രം മ്യാന്മര്‍ വിവര മന്ത്രാലയം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.