1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2018

സ്വന്തം ലേഖകന്‍: ശബരിമലയിലെ പോലീസ് വിന്യാസം കേന്ദ്ര നിര്‍ദേശം അനുസരിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ദര്‍ശനത്തിനെത്തിയ 52 കാരിയെ തടഞ്ഞ കേസില്‍ ആദ്യ അറസ്റ്റ്. ശബരിമലയിലെ പോലീസ് നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പനുസരിച്ചായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ ശബരിമലയിലെത്തുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. നാമജപ പ്രതിഷേധത്തിന്റെ പേരില്‍ ഒരു സംഘം ശബരിമലയിലെത്തിയ സ്ത്രീകളെ തടഞ്ഞു. യഥാര്‍ത്ഥ ഭക്ത ജനങ്ങളേയും മാധ്യമ പ്രവര്‍ത്തകരേയും പോലീസ് തടഞ്ഞിട്ടില്ലെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. സ്വാകര്യ ചാനല്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സര്‍ക്കാരിന്റെ സത്യവാങ്മൂലം.

സര്‍ക്കാരിന് വേണ്ടി പത്തനംതിട്ട എസ്.പി. പി.നാരായണന്‍ ആണ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. തീവ്ര സ്വഭാമുള്ള സംഘടനകളും ചില ഹിന്ദു സംഘടനകളും ശബരിമലയില്‍ കടന്ന്കൂടി സംഘര്‍ഷമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രം കേരളത്തേയും മറ്റു സമീപ സംസ്ഥാനങ്ങളേയും അറിയിച്ചിരുന്നു. ആ മുന്നറിയിപ്പ്കൂടി കണക്കിലെടുത്താണ് പോലീസ് ശക്തമായ സുരക്ഷാവിന്യാസം നടത്തിയത്. ഇതിന്റെ ഭാഗമായി ശബരിമലയില്‍ നാലാം തിയതി വെര തിരച്ചില്‍ നടപടികള്‍ നടത്തിയിരുന്നു. ഇത് പൂര്‍ത്തിയായതിന് ശേഷമാണ് മാധ്യമങ്ങളെയടക്കം കടത്തിവിട്ടത്. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷകൂടി കണക്കിലെടുത്തായിരുന്നു ഈ നടപടിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നാമജപ പ്രതിഷേധങ്ങളുടെ ഭാഗമായി സുപ്രീംകോടതി വിധി അട്ടിമറിക്കപ്പെടുകയും വിധിയുടെ അടിസ്ഥാനത്തില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളെ തടയുകയും ചെയ്‌തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സന്നിധാനത്ത് ഇന്നലെ ദര്‍ശനത്തിനെത്തിയ 52 കാരിയെ തടഞ്ഞ കേസില്‍ ഒരാളെ പത്തനംതിട്ട എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇലന്തൂര്‍ സ്വദേശി സൂരജ് ആണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. അതില്‍ ആദ്യത്തെ അറസ്റ്റാണിത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.